ജറൂസലം- ഉടന്‍ കരയുദ്ധം ആരംഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് ഉടന്‍ ഒഴിയണമെന്ന് ഇസ്രായില്‍ അന്ത്യശാസനം നല്‍കി. ഗാസ നഗരത്തില്‍ ശക്തമായ സൈനിക നടപടി ഉടനെന്ന് സൈന്യം മുന്നറിയിപ്പു നല്‍കി. കരയുദ്ധം തുടങ്ങിയാല്‍ നേരിടുമെന്ന് ഹമാസും വ്യക്തമാക്കി. ജനം വടക്കന്‍ ഗാസയിലേക്ക് നീങ്ങണമെന്ന ഇസ്രായില്‍ മുന്നറിയിപ്പ് ഹമാസ് തള്ളി. ഇസ്രായിലിന്റെ മുന്നറിയിപ്പ് മനഃശാസ്ത്രപരമായ യുദ്ധമാണെന്നും അത് അനുസരിക്കേണ്ടതില്ലെന്നും ഹമാസ് വ്യക്തമാക്കി.
ഗാസ നദിയുടെ വടക്കുഭാഗത്തുള്ളവരെ 24 മണിക്കൂറിനകം തെക്കോട്ട് മാറ്റണമെന്ന് യു.എന്നിനോട് ഇസ്രായില്‍ ആവശ്യപ്പെട്ടു. യു.എന്‍ കേന്ദ്രങ്ങളും ജീവനക്കാരും ഉള്‍പ്പെടെ മാറണമെന്നാണ് മുന്നറിയിപ്പ്. പതിനൊന്ന് ലക്ഷം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. അതിനാല്‍ ഒഴിപ്പിക്കല്‍ പ്രായോഗികമല്ലെന്ന് യു.എന്‍ അറിയിച്ചു.
ഹമാസിനെതിരായ യുദ്ധം ഏഴാം ദിവസത്തേക്ക് കടക്കവെയാണ് ഇസ്രായില്‍ സൈന്യം അന്ത്യശാസനം നല്‍കിയത്. ഈ ഒഴിപ്പിക്കല്‍ നിങ്ങളുടെ സ്വന്തം സുരക്ഷക്ക് വേണ്ടിയാണെന്ന് ഇസ്രായില്‍ ഗാസയിലെ ജനങ്ങള്‍ക്ക് നല്‍കിയ അന്ത്യശാസനത്തില്‍ പറയുന്നു. മറ്റൊരു അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് ഗാസ സിറ്റിയിലേക്ക് മടങ്ങാന്‍ കഴിയൂവെന്നും ഇസ്രായിലിന്റെ സുരക്ഷാ വേലിയുടെ പ്രദേശത്തെക്ക് സമീപിക്കരുതെന്നും അന്ത്യശാസനത്തില്‍ വ്യക്തമാക്കുന്നുണ്ട്.