നിർഭാഗ്യവശാൽ ഗാന്ധിവധത്തെ തുടർന്ന് ഒറ്റപ്പെട്ടിരുന്ന ജനസംഘത്തിന് ജനതാപാർട്ടിയിലൂടെ വീണ്ടും സജീവമാകാനും വാജ്‌പേയിക്കും അദ്വാനിക്കും മന്ത്രിമാരാകാനും പിന്നീട് ബി.ജെ.പി എന്ന പേരിലൂടെ ഏറ്റവും വലിയ ഫാസിസ്റ്റ് ശക്തിയായി അധികാരത്തിലെത്താനും കഴിഞ്ഞു. ഇന്നിതാ മറ്റൊരു തെരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോൾ അന്നത്തെ ജെ.പിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട ജനതാപാർട്ടിക്കു സാധിച്ചത് ഇപ്പോഴത്തെ ഇൻഡ്യ മുന്നണിക്കു കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം.
രാജ്യം കണ്ട ഏറ്റവും ഉന്നതരായ സ്വാതന്ത്ര്യ സമര സേനാനികളും സോഷ്യലിസ്റ്റ് നേതാക്കളുമായിരുന്ന രണ്ട് പേരുടെ ഓർമദിനങ്ങളാണ് കടന്നുപോയത്. ഒക്ടോബർ 11 ന് ജയപ്രകാശ് നാരായണിന്റെയും ഒക്ടോബർ 12 റാം മനോഹരർ ലോഹ്യയുടെയും. എന്നാൽ കാലം കടന്നുപോകുന്തോറും കാര്യമായി ആരും ഓർക്കാത്തവരായി ഇവർ മാറുകയാണോ എന്നു സംശയിക്കേണ്ടിവരും, അതാകട്ടെ ഇവരുടെ ഓർമകൾ ഊർജമായി മാറേണ്ടതായ രാഷ്ട്രീയ സാഹചര്യത്തിൽ. ഒരുപക്ഷേ പോരാട്ടവും രാജ്യസേവനവും ജീവിത ലക്ഷ്യമാക്കിയിരുന്ന ഇവർ ഒരിക്കലും അധികാരത്തിലെത്താൻ ശ്രമിച്ചില്ല എന്നതായിരിക്കാം അതിനുള്ള പ്രധാന കാരണം.
ഇന്ത്യൻ സമൂഹത്തെ കുറിച്ചുള്ള തികച്ചും വ്യത്യസ്തമായ വിശകലനമാണ് ലോഹ്യയെ ഏറ്റവും ശ്രദ്ധേയനാക്കിയത്. അംബേദ്കറുടെ ജാതിയിലധിഷ്ഠിതമായ സാമൂഹ്യ വിശകലനത്തിനും മാർക്‌സിന്റെ വർഗത്തിലധിഷ്ഠിതമായ വിശകലനത്തിനും ഇടക്കാണ് ലോഹ്യയുടെ നിലപാടെന്ന് എളുപ്പത്തിൽ പറയാം. സവർണ ജാതി കേന്ദ്രീകൃതമായ ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക ഘടനയെ അഴിച്ചുപണിയുക എന്ന ലക്ഷ്യത്തോടെയായിരുന്നു സ്വാതന്ത്ര്യത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ പൊതുജീവിതം. 'ചലനരഹിതമായ വർഗമാണ് ജാതി, വർഗം ചലനാത്മകമായ ജാതിയും' എന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ പ്രസിദ്ധമാണല്ലോ. അത് മാർക്‌സിൽ നിന്നും അംബേദ്കറിൽ നിന്നും വ്യത്യസ്തമായിരുന്നു. മതമോ അസ്പൃശ്യതയോ ജാതിയുടെ സുപ്രധാന ഘടകമല്ലെന്നു നിരീക്ഷിച്ച അദ്ദേഹം ജാതിയെ മത ചട്ടക്കൂടിന് പുറത്തുള്ള പാരമ്പര്യ സാമൂഹ്യ രൂപമായാണ് കാണുന്നത്. ലോഹ്യ വർഗം എന്ന പദം ഉപയോഗിക്കുന്നതും പൊതുവായി ഉപയോഗിക്കുന്ന അർത്ഥത്തിലല്ല. അസമത്വം നിലിൽക്കുമ്പോൾ വർഗസമരങ്ങളും നിലനിൽക്കും എന്നദ്ദേഹം അംഗീകരിക്കുന്നുണ്ട്. എന്നാൽ അസമത്വങ്ങൾ കേവലം സാമ്പത്തിക അടിസ്ഥാനത്തിൽ മാത്രമല്ല, സാമൂഹികവും സാമ്പത്തികവും ലിംഗപരവും ഭൂപ്രദേശ പരവുമായ ഒട്ടേറെ രൂപങ്ങളിലുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വർഗം ജാതിയായി ഘനീഭവിക്കുന്നതിനും ജാതി വർഗമായി അയയുന്നതിനും ഇടയിൽ നടക്കുന്ന ചലനങ്ങളെ മനുഷ്യ സമൂഹത്തിന്റെ പുരോഗതിയുടെയും പിന്നോട്ടടിയുടെയും അടിത്തറയായി അദ്ദേഹം കണ്ടു. മനുഷ്യ സമൂഹത്തിന്റെ ചരിത്രം വർഗസമരങ്ങളുടെ ചരിത്രമാണെന്ന മാർക്‌സിയൻ വീക്ഷണത്തിൽ നിന്നും ഭിന്നമാണത്. വർഗ നിർമൂലനത്തിനു വേണ്ടിയുള്ള ചലനത്തിനിടയിൽ വർഗം നിശ്ചലമാകാൻ തുടങ്ങുകയും ജാതിയായി ഘനീഭവിക്കുന്നതിനുള്ള പ്രവണത കാണിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. അയഞ്ഞ സാമൂഹ്യക്രമത്തിൽ നിന്ന് ചലനങ്ങൾ നിലച്ച സാമൂഹ്യക്രമത്തിലേക്ക് സമൂഹം സ്വയം ക്രമീകരിക്കുന്ന പ്രതിഭാസമായി ജാതി ഉരുത്തിരിയുന്നതിനെയാണ് അദ്ദേഹം വിശദീകരിച്ചത്.
മറുവശത്ത് ലോഹ്യയുടെ സഹപ്രവർത്തകനായിരുന്നു ജെ. പി എന്നറിയപ്പെട്ടിരുന്ന ജയപ്രകാശ് നാരായൺ. 1902 ഒക്ടോബർ 11 ന് ബിഹാറിൽ സിതബ്ദിയ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ഒന്നാം ലോക മഹായുദ്ധകാലത്ത് ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് കോളേജ് വിദ്യാഭ്യാസം ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമര രംഗത്തിറങ്ങിയ അദ്ദേഹം പിന്നീട് അമേരിക്കയിൽ ഉന്നത പഠനം നടത്തി. 1932 ൽ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം സോഷ്യലിസ്റ്റു് പ്രസ്ഥാനത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായി. ആചാര്യ കൃപലാനിക്കും വിനോബ ഭാേവക്കുെമാപ്പം പ്രവർത്തിച്ചു.
ഏറെക്കാലം സജീവ രാഷ്ട്രീയത്തിൽ നിന്നൊഴിഞ്ഞു നിന്ന ജെ.പി പിന്നീട് സജീവമാകുന്ന്ത 1970 കളിലാണ്. തൊഴിലില്ലായ്മക്കും ദാരിദ്ര്യത്തിനുമെതിരെ സമ്പൂർണ വിപ്ലവം എന്ന ആശയം മുന്നോട്ടുവെച്ച് അദ്ദേഹം രംഗത്തിറങ്ങി. ബിഹാറിൽ നിന്നാരംഭിച്ച മുന്നേറ്റം വിദ്യാർത്ഥികളുടെ മുൻകൈയിൽ രാജ്യമാകെ വ്യാപിക്കാനാരംഭിച്ചു. അതിനിടയിലാണ് ഇന്ദിരാഗാന്ധിയോട് ലോക്‌സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രാജ് നാരായണൻ അവർക്കെതിരെ അലഹബാദ് ഹൈക്കോടതിയിൽ കേസ് കൊടുത്തത്. 1975 ജൂൺ 12 ന് ഇന്ദിരാഗാന്ധിയെ കുറ്റക്കാരിയായി വിധിക്കുകയും തെരഞ്ഞെടുപ്പും ലോക്‌സഭ സീറ്റും റദ്ദാക്കുകയും ചെയ്തു. അടുത്ത ആറു വർഷത്തേക്ക് ഏതെങ്കിലും തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. തുടർന്ന് അവരുടെ രാജിക്കായുള്ള പ്രക്ഷോഭങ്ങൾ രാജ്യമെങ്ങും വ്യാപിച്ചു. അതിന്റെ പ്രഭവകേന്ദ്രവും ശക്തികേന്ദ്രവും ബിഹാറായിരുന്നു. പ്രക്ഷോഭങ്ങളുടെ അനിഷേധ്യ നേതാവ് ജയപ്രകാശ് നാരായണും. തുടർന്നാണ് ഇന്ദിരാഗാന്ധിയുടെ ഉപദേശം അനുസരിച്ച് രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
പിന്നീട് നടന്ന സംഭവങ്ങളിലേക്ക് പോകുന്നില്ല. എന്നാൽ ഒരു കാര്യം പറയാതെ വയ്യ. നിർഭാഗ്യവശാൽ ഗാന്ധിവധത്തെ തുടർന്ന് ഒറ്റപ്പെട്ടിരുന്ന ജനസംഘത്തിന് ജനതാപാർട്ടിയിലൂടെ വീണ്ടും സജീവമാകാനും വാജ്‌പേയിക്കും അദ്വാനിക്കും മന്ത്രിമാരാകാനും പിന്നീട് ബി.ജെ.പി എന്ന പേരിലൂടെ ഏറ്റവും വലിയ ഫാസിസ്റ്റ് ശക്തിയായി അധികാരത്തിലെത്താനും കഴിഞ്ഞു. ഇന്നിതാ മറ്റൊരു തെരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോൾ അന്നത്തെ ജെ.പിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ജനതാപാർട്ടിക്ക് സാധിച്ചത് ഇപ്പോഴത്തെ ഇൻഡ്യ മുന്നണിക്കു കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം.