ബെംഗളുരു - ഫലസ്തീനെ പിന്തുണച്ച് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ട യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ വിജയനഗര്‍ ജില്ലയിലെ ആലം പാഷ എന്ന 20 കാരനെയാണ് കസ്റ്റഡിയിലെടുത്തത്. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹൊസ്‌പേട്ട്, വിജയ്‌നഗര്‍ എന്നിവിടങ്ങളില്‍ ചിലര്‍ ഫലസ്തീനിന് പിന്തുണ നല്‍കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇവര്‍ ദേശവിരുദ്ധ വീഡിയോകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഹോസ്പേട്ടിലെ ക്രമസമാധാനം തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ചാണ് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ആലം പാഷയെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാജ്യദ്രോഹപരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് പാഷയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ഇയാളെ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.