തിരുവനന്തപുരം - പ്രസവവേദനയുമായി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ യുവതിക്ക് ചികിത്സ നല്‍കിയില്ലെന്ന് പരാതി. തിരുവനന്തപുരം നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെയാണ് ആരോപണം. ഇന്നലെ രാത്രി 12.30 ഓടെ ആശുപത്രിയിലെത്തിയ യുവതിയെ അരമണിക്കൂറോളം ഡോക്ടറെ കാത്തുനിര്‍ത്തിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയില്‍ ഗൈനക്കോളജി ഡോക്ടര്‍ ഉണ്ടായിരുന്നില്ല. ഈ വിവരം രോഗിയെ അറിയിക്കാന്‍ വൈകിയതായും ബന്ധുക്കള്‍ ആക്ഷേപിച്ചു. ഡ്യൂട്ടിയിലുള്ള നഴ്സുമാര്‍ എസ്എടി ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചതായും, എസ്എടി ആശുപത്രിയില്‍ എത്തിയ ഉടന്‍ യുവതി പ്രസവിച്ചതായും യുവതിയുടെ കുടുംബം പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം. ആശുപത്രി സൂപ്രണ്ടിനും പൊലീസിനും കുടുംബം പരാതി നല്‍കും. ഇതാദ്യമായല്ല നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെ പരാതി ഉയരുന്നത്. ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലെന്ന് നേരത്തെ തന്നെ പരാതിയുണ്ട്.