Sorry, you need to enable JavaScript to visit this website.

കേരളത്തിന്റെ വികസനത്തിന്  തടസം കണ്ണന്താനം -മുഖ്യമന്ത്രി

ന്യൂദൽഹി - കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനെതിരേ രൂക്ഷ വിമർശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസനത്തിന് ആർ.എസ്.എസ് പാര വെക്കുകയാണെന്നും അതിന് കൂട്ടു നടക്കാൻ കേരളത്തിൽ നിന്നുള്ള ഒരു കേന്ദ്രമന്ത്രിയുണ്ടെന്നും പിണറായി വ്യക്തമാക്കി. കീഴാറ്റൂർ ബൈപാസ് സമരവുമായി ബന്ധപ്പെട്ട് വയൽക്കിളികളോടൊപ്പം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ അൽഫോൺസ് കണ്ണന്താനം കണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടായത്. 
കേരളത്തിൽ ഒരിക്കലും നടക്കില്ലെന്നു കരുതിയ ദേശീയപാത വികസനം നടക്കുമെന്ന അവസരം എത്തിയപ്പോഴാണ് ഇപ്പോൾ പാരയുമായി ഇറങ്ങിയിരിക്കുന്നത്. നിതിൻ ഗഡ്കരി സംസ്ഥാനത്തെ ദേശീയപാത വികസന വിഷയത്തിൽ നേരത്തെ വളരെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഈ തർക്കം പൊട്ടിപ്പുറപ്പെട്ടപ്പോഴും അനുകൂല സമീപനമാണ് മന്ത്രി കാണിച്ചത്. സമരക്കാരുമായി നേരത്തേ ചർച്ച നടത്തിയിരുന്നു. തുടർന്ന് ഒരു സമിതിയെ നിയോഗിക്കുകയും അലൈൻമെന്റ് സാധ്യമല്ലെന്ന് അവർ റിപ്പോർട്ട് നൽകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ആ വഴി തന്നെ ദേശീയ പാത എന്നു തീരുമാനിച്ചത്. 
കേരളത്തിലെ റോഡ് വികസനം തടയണമെന്ന ആർ.എസ്.എസ് ഇടപെടൽ ഉണ്ടായപ്പോൾ മന്ത്രി ഇപ്പോൾ അതിനു വഴിപ്പെട്ടിരിക്കുന്നു. സംസ്ഥാന സർക്കാരുമായി കൂടിയാലോചിക്കുന്നതിന് പകരം സമരക്കാരെ നേരിട്ടു വിളിച്ച് ചർച്ച ചെയ്ത് വീണ്ടും ഒരു പരിശോധന നടത്താമെന്ന ഉറപ്പാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഇത് കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനകളുടെ പട്ടികയിൽ ഏറ്റവും പുതിയതാണെന്നും പിണറായി പറഞ്ഞു. 

 

Latest News