Sorry, you need to enable JavaScript to visit this website.

വിവാഹമോചിതയായി മരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന്  82കാരി; ഭര്‍ത്താവിന്റെ വിവാഹമോചനഹര്‍ജി തള്ളി

ന്യൂദല്‍ഹി- രണ്ട് പതിറ്റാണ്ടോളം നീണ്ട വിവാഹമോചന കേസില്‍ നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി. വിവാഹമോചനം ആവശ്യപ്പെട്ട് മുന്‍ ഐഎഎഫ് ഉദ്യോഗസ്ഥന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഇടപെടല്‍. നിലവില്‍ ഇദ്ദേഹത്തിന് 89 വയസ്സുണ്ട്. വിവാഹമോചിതയായി മരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന ഭാര്യയുടെ വാദമാണ് കോടതി വിലയ്ക്കെടുത്തത്. 82കാരിയായ ഭാര്യയുടെ വികാരങ്ങളെ ബഹുമാനിക്കുന്നതിന്റെ ഭാഗമായി ഭര്‍ത്താവിന്റെ വിവാഹമോചന ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു.ചണ്ഡീഗഢ് സ്വദേശികളാണ് ഈ ദമ്പതികള്‍. 60 വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. 1963ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഐഎഎഫ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിന് മദ്രാസിലേക്ക് സ്ഥലം മാറ്റം കിട്ടിയിരുന്നു. 1984 ജനുവരിയിലായിരുന്നു സ്ഥലമാറ്റം കിട്ടിയത്. ഇതോടെയാണ് ഇരുവരുടെയും ബന്ധത്തില്‍ കല്ലുകടിയുണ്ടാകാന്‍ തുടങ്ങിയത്. ഭര്‍ത്താവിനോടൊപ്പം മദ്രാസിലേക്ക് പോകാന്‍ ഭാര്യ അന്ന് തയ്യാറായില്ല. മകനും ഭര്‍ത്താവിന്റെ വീട്ടുകാരോടൊപ്പം കഴിയാനാണ് അവര്‍ ആഗ്രഹിച്ചത്. ഇതോടെ ഇവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകാന്‍ തുടങ്ങി.
പൊരുത്തപ്പെട്ട് പോകാനാകില്ലെന്ന് മനസ്സിലായതോടെ ഭര്‍ത്താവ് വിവാഹമോചനം തേടി കോടതിയെ സമീപിച്ചു. 1996ലാണ് ഇദ്ദേഹം വിവാഹമോചന ഹര്‍ജി നല്‍കിയത്. 23 വര്‍ഷത്തോളം കേസില്‍ വാദം നടന്നു. കേസ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും അവിടുന്ന് സുപ്രീം കോടതിയിലേക്കും എത്തുകയായിരുന്നു.എന്നാല്‍ ഭാര്യ തന്നെ തനിച്ചാക്കിയെന്ന കാര്യം കോടതിയില്‍ തെളിയിക്കാന്‍ ഭര്‍ത്താവിന് കഴിഞ്ഞില്ല. ഇതോടെ ആര്‍ട്ടിക്കിള്‍ 142 പരിഗണിച്ച് തനിക്ക് വിവാഹമോചനം അനുവദിക്കണമെന്ന് ഭര്‍ത്താവ് കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവിന്റെ ഹര്‍ജി അംഗീകരിക്കരുതെന്ന് ഭാര്യ കോടതിയെ അറിയിച്ചു. ഒരു വിവാഹമോചിതയായ സ്ത്രീ എന്ന ലേബലില്‍ ഈ ലോകത്ത് നിന്ന് വിടപറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഭാര്യ കോടതിയെ അറിയിച്ചത്. തന്റെ ഈ വികാരം മാനിക്കണമെന്നും അവര്‍ കോടതിയോട് പറഞ്ഞു. ഇതോടെ കോടതി ഭര്‍ത്താവിന്റെ ഹര്‍ജി തള്ളുകയായിരുന്നു. സമൂഹത്തില്‍ വിവാഹത്തിന് വലിയ പ്രാധാന്യമാണുള്ളതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Latest News