ന്യൂയോര്‍ക്ക്- 9/11 മെമ്മോറിയല്‍ ആന്‍ഡ് മ്യൂസിയത്തിലെ നോര്‍ത്ത് പൂളിലേക്ക് ചാടിയ 33 കാരനായ മാന്‍ഹട്ടന്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പൂളില്‍ ചാടിയ ഇയാളുടെ കാലുകള്‍ക്ക് പരിക്കേറ്റെങ്കിലും അത്ഭുതകരമായി രക്ഷപെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. യുവാവ് മ്യൂസിയത്തിനുള്ളിലെ റിഫ്ലക്റ്റിങ്ങ് പൂളിലേക്ക് കടക്കുന്നത് പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയും പൊലീസ് എത്തി യുവാവിനെ പിടികൂടുകയും ചെയ്തു. തീവ്രവാദി ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട വേള്‍ഡ് ട്രേഡ് സെന്റര്‍ നിലനിന്നിരുന്ന സ്ഥലത്താണ് 9/11 സ്മാരക കുളം നിര്‍മ്മിച്ചത്.
യുവാവിന്റെ അതിസാഹസികതയുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. യുവാവ് കുളത്തിന്റെ സെന്‍ട്രല്‍ ബേസിനിലെ 18 ഇഞ്ച് ആഴത്തിലുള്ള പൂളിലേക്ക് സാവധാനം അടുക്കുന്നതും തുടര്‍ന്ന് ബോധപൂര്‍വമായ ഉദ്ദേശത്തോടെ കുളത്തിന്റെ മധ്യഭാഗത്തേക്ക് നീങ്ങുന്നതും വീഡിയോയില്‍ കാണാം. പിന്നീട് ഇയാള്‍ 20 അടി താഴ്ചയുള്ള കുളത്തിലേക്ക് തെന്നി ഇറങ്ങുന്നതുമാണ് വീഡിയോയിലുള്ളത്. ഇയാളുടെ കാലുകള്‍ക്ക് പരിക്കേറ്റ് രക്തം ഒഴുകുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. ഇയാളുടെ പ്രവര്‍ത്തി ശ്രദ്ധയില്‍പെട്ട മ്യൂസിയം അധികൃതര്‍ ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു. തുര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് ടീമിനൊടൊപ്പം സ്ഥലത്തെത്തിയ പൊലീസ് ഇയാളെ പൂളില്‍ നിന്നും പുറത്തിറക്കി. ചാട്ടത്തിനിടെ ഇയാളുടെ ഇടതുകാലിനും നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്. പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തെത്തുടര്‍ന്ന്, സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത്തരം പെരുമാറ്റങ്ങള്‍ തടയാന്‍ കുളത്തിന് ചുറ്റും ചങ്ങലകള്‍ സ്ഥാപിച്ചു. തീവ്രവാദി ആക്രമണങ്ങളുമായി അദ്ദേഹത്തിന് വ്യക്തിപരമായ ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെങ്കിലും, തന്റെ പിതാവിനോടുള്ള ബഹുമാനാര്‍ത്ഥമാണ് ഇയാള്‍ ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതെന്നും ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായും സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.