ന്യൂദല്‍ഹി-ഓപ്പറേഷന്‍ അജയ്യുടെ ഭാഗമായി ഇസ്രയലില്‍ നിന്നുള്ള ഇന്ത്യയുടെ ആദ്യ വിമാനം ദല്‍ഹിയിലെത്തി. ഒന്‍പത് മലയാളികളടക്കം 212 പേരാണ് ആദ്യ സംഘത്തിലുള്ളത്. വിമാനത്താവളത്തില്‍ നിന്നുള്ള ഇവരുടെ ചിത്രങ്ങള്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമാനത്താവളത്തിലെത്തി ഇവരെ സ്വീകരിച്ചു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തിലെത്തിയിരുന്നു. ടെല്‍ അവീവിലെ ബെന്‍ഗൂറിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ രാത്രി ഇന്ത്യന്‍ സമയം 11.30നാണ് വിമാനം പുറപ്പെട്ടത്. സൗജന്യമായാണ് എല്ലാവരെയും നാട്ടിലെത്തിച്ചത്. ഓപ്പറേഷന്‍ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത മറ്റുള്ളവരെ തുടര്‍ന്നുള്ള വിമാനങ്ങളില്‍ നാട്ടിലെത്തിക്കും.ഓപ്പറേഷന്‍ അജയ് ഒരാഴ്ചയെങ്കിലും തുടരും. അതേസമയം, ഇസ്രയലില്‍ നിന്ന് എത്തുന്ന മലയാളികളെ സഹായിക്കാന്‍ ദല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ആയിരം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 18,000 ഇന്ത്യക്കാരാണ് ഇസ്രയലിലുള്ളതെന്ന് ഇസ്രയല്‍ കോണ്‍സല്‍ ജനറല്‍ കോബി ശോഷാനി പറഞ്ഞു.