Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പർ വേണ്ടെന്ന് സി.പി.എം

  • വിശാല പ്രതിപക്ഷ നീക്കത്തോട് പുറംതിരിഞ്ഞ് സി.പി.എം; 
  • മമതയോടുള്ള എതിർപ്പെന്ന് സൂചന

ന്യൂദൽഹി - വിശാല പ്രതിപക്ഷ നീക്കത്തിന് വിരുദ്ധമായി തെരഞ്ഞെടുപ്പുകൾക്ക് ബാലറ്റ് വേണ്ട വോട്ടിംഗ് മെഷീൻ തന്നെ മതിയെന്ന നിലപാടിലുറച്ച് സി.പി.എം. 2019ൽ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പേപ്പർ ബാലറ്റ് വേണ്ടെന്നും വി.വി. പാറ്റ് ബന്ധിപ്പിച്ച വോട്ടിംഗ് മെഷീനുകൾ തന്നെ മതിയെന്നുമാണ് സി.പി.എമ്മിന്റെ നിലപാട്. വോട്ടിംഗ് മെഷീനിലെ അട്ടിമറി സാധ്യത ചൂണ്ടിക്കാട്ടി കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെ 15 പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പു കമ്മീഷനിൽ പരാതി നൽകാനിരിക്കേയാണ് ബാലറ്റിന് വേണ്ടി വാദിക്കേണ്ടതില്ലെന്ന് സി.പി.എം തീരുമാനം എടുത്തത്. ബാലറ്റിന് വേണ്ടി വിശാല പ്രതിപക്ഷത്തിനൊപ്പം ചേരേണ്ടെന്ന് ഇന്നലെ ദൽഹിയിൽ ചേർന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു. ബാലറ്റ് പേപ്പർ തന്നെ വേണമെന്നു വാശി പിടിച്ചാൽ തെരഞ്ഞെടുപ്പു വൈകുന്നതിന് ഇടയാക്കുമെന്നാണ് സി.പി.എം വിലയിരുത്തുന്നത്. 
ബാലറ്റ് പേപ്പർ വേണമെന്ന് പ്രതിപക്ഷം ഒന്നടങ്കം വാശിപിടിച്ചാൽ ബാലറ്റ് അച്ചടിക്കാൻ സമയം വേണമെന്ന ന്യായം വിശദീകരിച്ച് കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പു വൈകിക്കാൻ ഇടയുണ്ടെന്നാണ് പോളിറ്റ്ബ്യൂറോ വിലയിരുത്തിയത്. പകരം, വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം നടക്കില്ലെന്ന് ഉറപ്പാക്കാൻ എല്ലാ മെഷീനുകളും വി.വി.പാറ്റ് മെഷീനുകളുമായി ബന്ധിപ്പിക്കണമെന്നാണ് ആവശ്യപ്പെടേണ്ടത്. നിലവിലെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ വേണമെന്നു വാശിപിടിക്കുന്നത് ബാലിശമാണെന്നും പി.ബി യോഗം വിലയിരുത്തി. 
എന്നാൽ, വിശാല പ്രതിപക്ഷ നീക്കങ്ങൾക്കായി കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി നേരിട്ടെത്തി നേതൃത്വം നൽകിയതാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. ഇതിൽ അതൃപ്തിയുള്ളത് കൊണ്ടാണ് ബാലറ്റിനായി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാനൊരുങ്ങുന്ന പ്രതിപക്ഷ സഖ്യത്തിൽനിന്നു വിട്ടുനിൽക്കാൻ പി.ബി നിർദേശിച്ചിരിക്കുന്നത്.     
കഴിഞ്ഞ ദിവസം ദൽഹിയിൽ എത്തി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരടക്കം ഒട്ടുമിക്ക പ്രതിപക്ഷ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ മമത ബാനർജി വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം നടക്കുന്നത് തടയണമെന്നാവശ്യപ്പെട്ടും ബാലറ്റ് സംവിധാനം പുനരാരംഭിക്കുന്നതിനും പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം തെരഞ്ഞെടുപ്പു കമ്മീഷന് നിവേദനം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.  മമത ബാനർജി പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പ്രതിപക്ഷ സ്ഥാനാർഥിയായി വന്നാൽ പിന്തുണക്കുമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് ആദ്യം ബി.ജെ.പിയെ പരാജയപ്പെടുത്തട്ടെ. കാര്യങ്ങൾ പിന്നീട് നോക്കാമെന്നായിരുന്നു മമതയുടെ മറുപടി.  
പ്രതിപക്ഷ നേതാക്കളെയെല്ലാം ജനുവരി 19ന് കൊൽക്കത്തയിൽ നടക്കുന്ന മഹാറാലിയിലേക്ക് മമത ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസ്, ടി.ഡി.പി, വൈ.എസ്.ആർ കോൺഗ്രസ്, കേരള കോൺഗ്രസ് എം, ഡി.എം.കെ, ആർ.ജെ.ഡി, എസ്.പി, ജെ.ഡി.എസ്, നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തിയത്. സി.പി.എം നേതൃത്വവുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നില്ല. വിശാല പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനം മമത ബാനർജി ഏറ്റെടുത്തു മുന്നേറിയാൽ പാർട്ടിയുടെ പഴയ ചെങ്കോട്ടയായിരുന്ന ബംഗാൾ തങ്ങളിൽനിന്നു പിടിച്ചെടുത്തു പടിക്കു പുറത്താക്കിയ നേതാവിനൊപ്പം നിൽക്കാനുള്ള സി.പി.എമ്മിന്റെ വിമുഖതയാണ് ബാലറ്റ് വിരോധത്തിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന വിലയിരുത്തലുണ്ട്.  
 

Latest News