ഇഖാമയിലെ ഫോട്ടോ മാറ്റാൻ എന്ത് ചെയ്യണം?
ചോദ്യം: എന്റെ ഇഖാമയിലെ ഫോട്ടോ പത്ത് വർഷം പഴക്കമുള്ളതാണ്. പുതിയ ഫോട്ടോ ഇഖാമയിൽ പതിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്?
ഉത്തരം: ഇഖാമയിലെ പഴയ ഫോട്ടോ മാറ്റി പുതിയത് പതിക്കാൻ കഴിയും. അതിന് പാസ്‌പോർട്ട് പുതുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പാസ്‌പോർട്ടിലെ ഫോട്ടോ പുതിയതായിരിക്കുകയും വേണം. പുതിയ ചിത്രമുള്ള പാസ്‌പോർട്ട് ലഭ്യമായാൽ ജവാസാത്തിൽ ഇഖാമയിലെ ഫോട്ടോ മാറ്റുന്നതിന് അപ്പോയിന്റ്‌മെന്റ് എടുക്കുക. അപ്പോയ്‌മെന്റ് ലഭിച്ച സമയത്ത് ജവാസാത്ത് ഓഫീസിൽ പുതിയ പാസ്‌പോർട്ടുമായി ചെന്ന് ഇഖാമയിലെ ഫോട്ടോ മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫോട്ടോ മാറ്റാൻ സാധിക്കും.
ഹൗസ് ഡ്രൈവർ പ്രൊഫഷൻ ലേബറാക്കി മാറ്റാൻ എന്ത് ചെയ്യണം
ചോദ്യം: ഞാനിപ്പോൾ ജോലി ചെയ്യുന്നത് ഹൗസ് ഡ്രൈവർ വിസയിലാണ്. നിലവിലെ സ്‌പോൺസറുടെ കീഴിൽ തന്നെ പ്രൊഫഷൻ മാറ്റി ലേബർ ആയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു. അതിന് എന്താണ് ചെയ്യേണ്ടത്?
ഉത്തരം: ഇതിന് സ്‌പോൺസർ മനുഷ്യ വിഭവശേഷി മന്ത്രാലയത്തെ സമീപിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ് വേണ്ടത്. പ്രൊഫഷൻ മാറ്റൽ പ്രയാസകരമായ കാര്യമല്ല. സ്‌പോൺസർ അപേക്ഷ നൽകിയാൽ മന്ത്രാലയം അദ്ദേഹത്തിന്റെ ഫയൽ പഠിക്കുകയും സ്വദേശിവൽക്കരണ റാങ്ക് ശരിയായ രീതിയിലാണെങ്കിൽ പ്രൊഫഷൻ മാറ്റം മന്ത്രാലയം നടത്തി തരികയുംചെയ്യും.
ജവാസാത്ത് സേവനങ്ങൾ ഇല്ലാതിരിക്കേ സ്‌പോൺസർഷിപ്പ് മാറ്റാനാകുമോ?
ചോദ്യം: ജവാസാത്തിലെ സേവനങ്ങൾ എനിക്ക് നിർത്തിവെച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ സ്‌പോൺസർഷിപ്പ് മാറാൻ ആഗ്രഹിക്കുന്നു. ഇതു സാധ്യമാണോ?
ഉത്തരം: സ്‌പോൺസർഷിപ് മാറ്റുന്നതിന് ജവാസാത്ത് സിസ്റ്റത്തിലെ നിങ്ങളുടെ ഫയലിൽ തടസ്സങ്ങൾ ഒന്നും ഉണ്ടാവാൻ പാടില്ല. ഫയൽ ബ്ലോക്ക് ചെയ്യാനുള്ള കാരണങ്ങൾ എന്താണെന്ന് അന്വേഷിച്ച് അത് തീർപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങളുടെ ഇഖാമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള പിഴയോ, കേസുകളോ ഉണ്ടെങ്കിൽ അതിൽ തീർപ്പ് കൽപിക്കാതെ സ്‌പോൺസർഷിപ്പ് മാറ്റം സാധിക്കില്ല.
ഹൗസ് ഡ്രൈവർ ഇഖാമ ആറ് മാസത്തേക്ക് പുതുക്കാനാകുമോ?
ചോദ്യം: ഞാനൊരു വനിത ഹൗസ് ഡ്രൈവറാണ്. എന്റെ ഇഖാമയുടെ കാലാവധി ഇനി മൂന്നു മാസമാണുള്ളത്. അവധിക്ക് നാട്ടിൽ പോകാൻ ഉദ്ദേശിക്കുന്നു. നാട്ടിൽ പോകുന്നതിനു മുൻപായി ഇഖാമ ആറ് മാസത്തേക്ക് പുതുക്കാൻ സാധിക്കുമോ?
ഉത്തരം: സാധിക്കില്ല. ഗാർഹിക തൊഴിലാളികളുടെ ഇഖാമ ഒരു വർഷത്തേക്ക് മാത്രമേ പുതുക്കാൻ സാധിക്കൂ. വാണിജ്യാടിസ്ഥാനത്തിലുള്ള തൊഴിലാളികളുടെ ഇഖാമ മാത്രമേ മൂന്ന്, ആറ്, ഒൻപത്, ഒരു വർഷം തോതിൽ പുതുക്കാൻ സാധിക്കൂ.