Sorry, you need to enable JavaScript to visit this website.

കീഴാറ്റൂരിലേക്ക് വിദഗ്ധ സംഘത്തെ അയക്കുമെന്ന് ഗഡ്കരി ഉറപ്പു നല്‍കി

ന്യൂദല്‍ഹി- കീഴാറ്റൂര്‍ ബൈപാസ് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി വയല്‍ക്കിളികള്‍ക്ക് ഉറപ്പുനല്‍കി. കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ബി.ജെ.പി എം.പിമാരും നേതാക്കളും പങ്കെടുത്തു. സമരപ്രവര്‍ത്തകരുടെ ആശങ്ക പരിഹരിക്കാതെ ബൈപാസ് നിര്‍മാണവുമായി മുന്നോട്ട് പോകില്ലെന്ന് ഉറപ്പ് നല്‍കിയ ഗഡ്ക്കരി വയല്‍ക്കിളികള്‍ മുന്നോട്ട്‌വെച്ച ബദല്‍സാധ്യത പരിശോധിക്കുന്നതിന് വിദഗ്ധ സംഘത്തെ കീഴാറ്റൂരിലേക്ക് അയക്കാനും തീരുമാനിച്ചു. വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചേ അന്തിമ തീരുമാനം കൈകൊള്ളുകയുള്ളൂവെന്ന് അറിയിച്ച ഗഡ്ക്കരി തളിപ്പറമ്പില്‍നിന്ന് മേല്‍പ്പാലം പണിയണമെന്ന ബദല്‍ നിര്‍ദേശം തള്ളി. ഈ മേഖലയില്‍ റോഡിന് ആവശ്യമായ വീതയില്ലാത്ത സാഹചര്യത്തിലാണ് ഈ നിര്‍ദേശം തള്ളിയത്.
 തുരുത്തി വേലാപുരം വിഷയവും ഗഡ്ക്കരിയുമായുള്ള കൂടികാഴ്ചയില്‍ ചര്‍ച്ചയായി. ഈ മേഖലയിലെ റോഡ് വികസനത്തില്‍ 27 പട്ടിക ജാതി കുടുംബങ്ങള്‍ കുടിയിറക്കപ്പെടുന്നതിനെതിരേ സമരം ശക്തമായിട്ടുണ്ട്. കൊയിലാണ്ടി നന്തി ചെങ്ങോട്ട്കാവ് ദേശീയ പാതാ വികസനവും ചര്‍ച്ചയില്‍ വിഷയമായി.
അതേസമയം, കേന്ദ്ര മന്ത്രി നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളെ ക്ഷണിക്കാതിരുന്നത് രാഷ്ട്രീയ വിവാദമായി. എം.പിമാരായ വി.മുരളീധരന്‍, റിച്ചാര്‍ഡ് ഹേ, ബി.ജെ.പി നേതാക്കളായ പി.കെ കൃഷ്ണദാസ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി സത്യരാജ്, കെ. രഞ്ജിത്, സമരസമിതി നേതാക്കളായ സുരേഷ് കീഴാറ്റൂര്‍, നമ്പ്രത്ത് ജാനകി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Latest News