ജറൂസലേം-ഹമാസ് സൈനികർ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് ഒരു കൂട്ടം ശിശുക്കളുടെ ചിത്രം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സാമൂഹ്യമാധ്യങ്ങളിൽ പങ്കുവെച്ചു. കൊന്ന ശേഷം കത്തിച്ചുകളഞ്ഞ കുഞ്ഞുങ്ങളുടെ ചിത്രങ്ങളാണിതെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെയും ഈ ചിത്രങ്ങൾ കാണിച്ചതായി നെതന്യാഹുവിന്റെ ഓഫീസ് അവകാശപ്പെട്ടു.
'പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെ കാണിച്ച ചില ഫോട്ടോകൾ ഇതാ. മുന്നറിയിപ്പ്: ഹമാസ് രാക്ഷസന്മാർ കൊന്ന് കത്തിച്ച കുഞ്ഞുങ്ങളുടെ ഭയാനകമായ ഫോട്ടോകളാണിത്. ഹമാസ് മനുഷ്യത്വരഹിതമാണ്. ഹമാസ് ഐസിസ് ആണ്,'' പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു.
കുഞ്ഞുങ്ങളുടെ ശിരഛേദം ഹമാസ് നടത്തിയെന്ന ഇസ്രായേലിന്റെ ആരോപണം നിലനിൽക്കുന്നതിനിടെയാണ് പുതിയ ചിത്രങ്ങളും പങ്കുവെച്ചത്. ഹമാസിന്റെ ആക്രമണങ്ങൾ 'തികച്ചും തിന്മ' ആണെന്നും ഹമാസ് പ്രവർത്തകർ കുഞ്ഞുങ്ങളെ തലവെട്ടുന്ന ഫോട്ടോകൾ കണ്ടിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡനും നേരത്തെ അഭിപ്രായപ്പെട്ടതായി വാർത്തകൾ വന്നിരുന്നു.
അതേസമയം, പിന്നീട് ബൈഡൻ ഇത്തരത്തിൽ അഭിപ്രായപ്രകടനം നടത്തിയിട്ടില്ലെന്ന് ബൈഡന്റെഓഫീസ് പ്രതികരിച്ചു. യു.എസ് പ്രസിഡന്റോ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരോ ഫോട്ടോകൾ കണ്ടിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ഇസ്രായേലിൽ നിന്നുള്ള റിപ്പോർട്ടുകളും രാജ്യത്തെ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ അഭിപ്രായവുമാണ് ബൈഡൻ പരാമർശിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.