കൊച്ചി-ഫോബ്സ് പുറത്തുവിട്ട 2023 ലെ അതിസമ്പന്നരുടെ പട്ടികയിലെ മലയാളികളില്‍ ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി ഒന്നാം സ്ഥാനത്ത്. പ്രമുഖ വ്യവസായികളായ ജോയ് ആലുക്കാസ്, ഡോ. ഷംഷീര്‍ വയലില്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
മുന്‍വര്‍ഷത്തെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനിയെ പിന്തള്ളി 92 ബില്യന്‍ ഡോളര്‍ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി ഒന്നാം സ്ഥാനത്തെത്തി. 68 ബില്യന്‍ ഡോളറാണ് അദാനിയുടെ ആസ്തി. ശിവ് നാടാര്‍ 29.3 ബില്യന്‍ ഡോളര്‍, സാവിത്രി ജിന്‍ഡാല്‍ 24 ബില്യന്‍ ഡോളര്‍, രാധാകൃഷ്ണന് ദമാനി 23 ബില്യന്‍ ഡോളര്‍ എന്നിവര്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം പിടിച്ചു.
ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി 7.1 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള ഏറ്റവും ധനികനായ മലയാളിയാണ്. 5.4 ബില്യന്‍ ഡോളറിന്റെ ആസ്തിയുമായി കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ സമ്പന്നരില്‍ 35ാം സ്ഥാനത്തായിരുന്നു അദ്ദേഹം. പുതിയ പട്ടികയില്‍ 27ാം സ്ഥാനത്തേക്ക് മുന്നേറി.
ഏറ്റവും ധനികരായ മലയാളികളില്‍ യൂസഫലിക്ക് പിന്നില്‍ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസാണ്. 4.4 ബില്യന്‍ ഡോളറിന്റെ ആസ്തിയോടെ റാങ്കില്‍ 50ാം സ്ഥാനം. കഴിഞ്ഞ വര്‍ഷം 3.1 ബില്യന്‍ ഡോളര്‍ ആസ്തിയോടെ 69ാം സ്ഥാനത്തായിരുന്നു.
യുഎഇ ആസ്ഥാനമായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ 3.7 ബില്യന്‍ ഡോളര്‍ ആസ്തിയോടെ പട്ടികയിലെ മലയാളികളില്‍ മൂന്നാമനായി. ഏറ്റവും സമ്പന്നനായ യുവ മലയാളിയെന്നതിനു പുറമെ, രാജ്യത്തെ ഏറ്റവും സമ്പന്നനായ ഡോക്ടര്‍ കൂടിയാണ് അദ്ദേഹം.
വ്യക്തിഗത സമ്പന്നര്‍ക്കൊപ്പം 4.9 ബില്യന്‍ ഡോളര്‍ (റാങ്ക് 43) ആസ്തിയുമായി മുത്തൂറ്റ് കുടുംബവും മുന്‍നിരയിലുണ്ട്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന് 3.25 ബില്യന്‍ ഡോളര്‍ (റാങ്ക് 67), ആര്‍പി ഗ്രൂപ്പ് ചെയര്മാന് രവി പിള്ള, 3.2 ബില്യന്‍ ഡോളര്‍ (റാങ്ക് 69), ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വര്‍ക്കി, 2.93 ബില്യന്‍ ഡോളര്‍ (റാങ്ക് 78) എന്നിവരാണ് ഫോബ്സിന്റെ ഇന്ത്യ സമ്പന്ന പട്ടികയില്‍ ഇടം നേടിയ മറ്റ് മലയാളികള്‍.
മുന്‍ വര്‍ഷങ്ങളില്‍ പട്ടികയിലുണ്ടായിരുന്ന ബൈജൂസിന്റെ ബൈജു രവീന്ദ്രനും, ദിവ്യ ഗോകുല്‍ നാഥും ഇക്കുറി പട്ടികയില്‍ നിന്ന് പുറത്തായി. പ്രതിസന്ധികളെ തുടര്‍ന്ന് ബൈജൂസിന്റെ മൂല്യത്തില്‍ വന്ന കുറവാണ് പട്ടികയില്‍ നിന്ന് പുറത്താകാന്‍ കാരണം.
ഫോബ്സിന്റെ കണക്കനുസരിച്ച് ഇന്ത്യന്‍ സമ്പന്നരുടെ മൊത്തം ആസ്തിയിയായ 799 ബില്യണില്‍ വന്‍ കുതിപ്പുണ്ടായിട്ടില്ല. ഓഹരി വിപണിയില്‍ 14 ശതമാനം വര്‍ധന ഉണ്ടായെങ്കിലും രൂപയുടെ മൂല്യ തകര്‍ച്ച കാരണം സമ്പത്തില്‍ ഇത് പ്രതിഫലിച്ചില്ലെന്ന് ഫോബ്സ് വിലയിരുത്തുന്നു.