തൃശൂര്‍ - ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയെന്നത് ഇപ്പോള്‍ എല്ലാവര്ക്കും ഒരു ഹരമാണ്. എന്നാല്‍ ഇതിന്റെ സുരക്ഷയും വിശ്വാസ്യതയും ഒന്നും നോക്കാതെ പലരും കെണിയില്‍ പോയി വീഴുകയും ചെയ്യും. അങ്ങനെ ഒരു അബദ്ധത്തില്‍ ചാടിയ തൃശൂരിലെ ഒരു വയോധികയ്ക്ക് വലിയ തുകയാണ് നഷ്ടപ്പെട്ടത്. വ്യാപാര വെബ്സൈറ്റില്‍ 349 രൂപയുടെ വസ്ത്രം ഓര്‍ഡര്‍ ചെയ്ത വയോധികയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 62,108 രൂപ സൈബര്‍ കള്ളന്മാര് തട്ടിയെടുത്തതയാണ് പരാതി. ഇത് സംബന്ധിച്ച് മണ്ണുത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മണ്ണുത്തി സ്വദേശിനിയായ 77 വയസുകാരി ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റിന്റെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് 349 രൂപയുടെ വസ്ത്രം പണമടച്ച് ഓര്‍ഡര്‍ ചെയ്തിരുന്നു. നിശ്ചിത ദിവസത്തിനകം വസ്ത്രം വീട്ടില്‍ വിതരണം നടത്താത്തതിനാല്‍ ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഇന്റര്‍നെറ്റില്‍ പരതുകയും അവിടെനിന്നും ലഭിച്ച നമ്പറില്‍ വസ്ത്രം വിതരണം ചെയ്യാത്തതിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. സാങ്കേതിക കാരണങ്ങളാല്‍ ഓര്‍ഡര്‍ ചെയ്ത വസ്ത്രം വിതരണം നടത്താന്‍ സാധിക്കില്ലെന്നും വസ്ത്രത്തിനുവേണ്ടി മുടക്കിയ തുക തിരിച്ചു നല്‍കാമെന്നാണ് പറഞ്ഞതെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് അവര്‍ അയച്ചു തന്ന ലിങ്ക് ഉപയോഗിച്ച് ഒരു ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാവുകയായിരുന്നു. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച മെസേജ് വന്നപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട് വിവരം വയോധിക അറിയുന്നത്. ഉടന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.