ജറുസലേം- ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തിനിടെ ഹമാസ് തട്ടിക്കൊണ്ടുപോയ ആളുകളെ മോചിപ്പിക്കുന്നതുവരെ ഗാസയിലേക്ക് വെള്ളം, വെളിച്ചം, ഗ്യാസ്, ഇന്ധനം തുടങ്ങിയ അടിസ്ഥാന വിഭവങ്ങളോ മാനുഷിക സഹായമോ അനുവദിക്കില്ലെന്ന് ഇസ്രായേൽ ഊർജ്ജ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വ്യക്തമാക്കി. ഗാസയ്ക്ക് മാനുഷിക സഹായം നൽകില്ല. ഇലക്ട്രിക് സ്വിച്ച് ഓണാക്കില്ല, വാട്ടർ ടാപ്പ് തുറക്കില്ല, ഇസ്രായേൽ തട്ടിക്കൊണ്ടുപോയവരെ നാട്ടിലെത്തിക്കുന്നതുവരെ ഇന്ധന ട്രക്ക് പ്രവേശിക്കില്ല- അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ശനിയാഴ്ച നടന്ന ആക്രമണത്തിന്റെ ഭാഗമായി 150 ഓളം ഇസ്രായേലികളെയും വിദേശികളെയും ഇരട്ട പൗരന്മാരെയും ഹമാസ് സംഘം ഗാസ മുനമ്പിലേക്ക് തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇസ്രായേൽ പട്ടണങ്ങളിലും ഗാസയിലുമായി ഇതോടകം 1200 പേരാണ് കൊല്ലപ്പെട്ടത്. ഗാസയിൽ ഹമാസ് ഗ്രൂപ്പിനെതിരെ ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്. ഇന്ധനം തീർന്നതിനെ തുടർന്ന് ഫലസ്തീൻ പ്രദേശത്തെ ഏക പവർ പ്ലാന്റ് ബുധനാഴ്ച അടച്ചു.