ന്യൂദല്‍ഹി - ഗുരുസേവയുടെ പേര് പറഞ്ഞ് ഭക്തകളെ പീഡിപ്പിച്ച സ്വയം പ്രഖ്യാപിത ആള്‍ ദൈവം അറസ്റ്റിലായി. ആള്‍ദൈവമാണെന്ന പേരില്‍ ആളുകളെ കബളിപ്പിക്കുന്ന 33 കാരനായ വിനോദ് കശ്യപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദില്ലി കക്‌റോള പ്രദേശത്ത് 'ആശ്രമം' സ്ഥാപിച്ചായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. ആയിരക്കണക്കിന് ഫോളോവര്‍മാരുള്ള യൂട്യൂബ് ചാനലും ഈ ആശ്രമത്തിന്റെ പേരില്‍ ഉണ്ട്. ദ്വാരക നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രണ്ടു സ്ത്രീകള്‍ ഇയാള്‍ക്കെതിരെ പീഡന പരാതി നല്‍കിയതായി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ പറഞ്ഞു. ഇയാളുടെ അടുത്തേക്ക് എത്തുന്ന സ്ത്രീകളെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കാമെന്നു പറഞ്ഞാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്.തങ്ങളുടെ ആഭരണം ഉള്‍പ്പെടെ വിറ്റാണ് സ്ത്രീകള്‍ ഇയാള്‍ക്ക് പണം നല്‍കിയത്. രണ്ടു കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്. വന്ധ്യത മുതല്‍ കുടുംബത്തിലെ തര്‍ക്കങ്ങള്‍ വരെയുള്ള വിവിധ പ്രശ്‌നങ്ങളില്‍ താന്‍ പരിഹാരം കാണുമെന്നാണ് ഇയാള്‍ പ്രസംഗങ്ങളില്‍ വെളിപ്പെടുത്തിയിരുന്നത്. ഭക്തകളായ സ്ത്രീകളെ അവരുടെ പ്രശ്‌നം പരിഹരിക്കാനെന്ന വ്യാജേന ഇയാള്‍ ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് പരിഹാരത്തിന് 'ഗുരുസേവ' ചെയ്യല്‍ നിര്‍ബന്ധമാണെന്ന് പറഞ്ഞശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നും ഇയാള്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. തട്ടിപ്പ് ബോധ്യമായതോടെ രണ്ട് സ്്ത്രീകള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.