കണ്ണൂർ- കണ്ണൂരിൽ പോലീസ് ഉദ്യോഗസ്ഥർ സീറ്റ് ബെൽറ്റിടാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത യുവാക്കളെ അറസ്റ്റ് ചെയ്തു. പുല്ലൂക്കരയിലെ നാണാറത്ത് സനൂപ് (32), ആലിയാട്ട് ഫായിസ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പോലീസിനെ ഭീഷണിപ്പെടുത്തി, വാഹനത്തിന് മാർഗ്ഗ തടസ്സം സൃഷ്ടിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നടപടി. പോലീസ് ഡ്രൈവർ സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്തത് സനൂപ് ചോദ്യം ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ചൊക്ലി മുക്കിൽപീടികയിലായിരുന്നു സംഭവം നടന്നത്. ചൊക്ലി എസ്‌ഐയേയും സംഘത്തേയുമായിരുന്നു സനൂപ് ചോദ്യം ചെയ്തത്. റോഡരികിൽ നിർത്തിയിട്ട ബൈക്കിന് ഹെൽമറ്റ് ധരിച്ചില്ലെന്ന പേരിൽ സുഹൃത്തിൽ നിന്നും പോലീസ് പിഴ ഈടാക്കിയിരുന്നതായി സനൂപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പോലീസ് വാഹനം അവിടെ നിന്ന് പോയി മടങ്ങി വരുമ്പോഴാണ് എസ്.ഐ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സനൂപ് ചോദ്യം ഉയർത്തിയത്. സീറ്റ് ബെൽറ്റ് ധരിക്കാത്തത് ചോദ്യം ചെയ്യുമെന്നും നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും സനൂപ് വീഡിയോയിൽ പറയുന്നുണ്ടായിരുന്നു. എന്നാൽ പെറ്റി അടിച്ച വിരോധം കാണിക്കാൻ വാഹനം തടയുകയല്ല വേണ്ടതെന്നും പോലീസിനെ ചോദ്യം ചെയ്യാൻ നീ ആരാണെന്നുമായിരുന്നു എസ്.ഐയുടെ മറുചോദ്യം. വാഹനം തടഞ്ഞിട്ടില്ലെന്ന് സനൂപ് ആവർത്തിച്ചെങ്കിലും ഇയാൾക്കെതിരെ എഫ്.ഐ.ആർ ഇടാനായിരുന്നു എസ്.ഐയുടെ നിർദ്ദേശം. തുടർന്ന് സനൂപിന്റെ അഡ്രസ് വാങ്ങാൻ പോലീസ് ശ്രമിച്ചപ്പോൾ നാട്ടുകാർ ഇടപെട്ടു. സനൂപിനൊപ്പം നിന്ന ഫായിസിനെതിരെയും പോലീസ് കേസെടുത്തു. പോലീസ് നടപടിക്ക് എതിരെ വ്യാപകവിമർശനം ഉയരുന്നുണ്ട്.