ന്യൂദല്‍ഹി-ഇസ്രയലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒപ്പറേഷന്‍ അജയ് ഇന്ന് മുതല്‍ ആരംഭിക്കും. ടെല്‍ അവീവില്‍ നിന്ന് ആദ്യ വിമാനം ദല്‍ഹിയിലേക്ക് പുറപ്പെടും. പ്രത്യേക വിമാനത്തിലെത്തിക്കേണ്ട ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് രജിസ്റ്റര്‍ ചെയ്തവരാണ് പട്ടികയിലുള്ളത്. ഇവര്‍ക്ക് വിമാനയാത്ര സംബന്ധിച്ച ഇമെയിലും ഇസ്രായലിലെ ഇന്ത്യന്‍ എംബസി അയച്ചു. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരമൊരുക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. അതേസമയം, ഇസ്രയലില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി തീര്‍ത്ഥാടകരുടെ ആദ്യ സംഘം കേരളത്തില്‍ എത്തി. കൊച്ചിയില്‍ നിന്നുള്ള 42 അംഗ സംഘമാണ് ഇസ്രയലിലേക്ക് തീര്‍ത്ഥാടനത്തിന് പോയത്. ഈ മാസം മൂന്നാം തീയതി ഫലസ്തീന്‍, ജോര്‍ദാന്‍, ഇസ്രയേല്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഈജിപ്തിലേക്കുള്ള യാത്രയ്ക്കിടെയാണ് യുദ്ധം ആരംഭിച്ചത്.