കൊല്ലം - സർക്കാർ എത്ര നല്ലത് ചെയ്താലും അങ്ങോട്ട് പറഞ്ഞ് കൈയടി വാങ്ങേണ്ട സ്ഥിതിയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസവകുപ്പിന്റെ മികവ് അടക്കം സർക്കാർ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞിട്ടും സദസിൽ നിന്നും കാര്യമായ പ്രതികരണമൊന്നും ഇല്ലാതെ വന്നപ്പോഴാണ് വിദ്യാഭ്യാസ മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. കൊട്ടാരക്കയിലെ പുതിയ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് സംഭവം.
എല്ലാവരും ആട്ടുകല്ലിൽ കാറ്റ് പിടിച്ചപോലെ ഇരിക്കുകയാണ്. ആട്ടുകല്ലിൽ കാറ്റടിച്ചാൽ അനങ്ങില്ലല്ലോ. നല്ല കാര്യങ്ങൾ പറഞ്ഞിട്ടും ഇവിടെ ഒരു പ്രതികരണവും കാണുന്നില്ല. നമ്മുടെ നാട് ഇങ്ങനെയാണോ? എല്ലാവരും നല്ലപോലെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചേ... മന്ത്രിമാരോ പഞ്ചായത്തോ കോർപറേഷനോ നല്ല കാര്യങ്ങൾ ചെയ്താൽ അത് അങ്ങോട്ട് പറഞ്ഞ് കൈയടി വാങ്ങണം. ഇതൊരു പുതിയ രീതിയാണ്. ഒരിടത്ത് ഞാൻ എത്തിയപ്പോൾ അവതാരക പറഞ്ഞു:' മന്ത്രി വേദിയിലേക്ക് വരികയാണ്: നല്ലൊരു കൈയടി കൊടുക്കണമെന്ന്'. അങ്ങനെ പറഞ്ഞൊന്നും കൈയടി വാങ്ങണ്ട, അവർക്ക് സൗകര്യമുണ്ടെങ്കിൽ കൈയടിക്കുമെന്നായിരുന്നു ഞാൻ പ്രതികരിച്ചതെന്നും മന്ത്രി ശിവൻകുട്ടി വിശദീകരിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ശിവൻകുട്ടിയുടെ പ്രസംഗം.