Sorry, you need to enable JavaScript to visit this website.

ഖജനാവ് കനിയാൻ സമയമെടുക്കും; സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ടാം ഗഡുവും സ്വാഹ

- രണ്ടാം ഗഡു പി.എഫിൽ നൽകുന്നത് നീട്ടിയത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് ധനവകുപ്പ്
    
തിരുവനന്തപുരം - സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണ കുടിശ്ശിക കനിയാൻ ഇനിയും സമയം നീളും. കുടിശ്ശികയുടെ രണ്ടാം ഗഡുവും പി.എഫ് അക്കൗണ്ടിലേക്ക് നൽകുന്നത് സർക്കാർ നീട്ടി  ഉത്തരവായി. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണമെന്ന് ധനവകുപ്പ് വ്യക്തമാക്കി.
 2019 മുതൽ 2021 വരെയുള്ള ശമ്പള പരിഷ്‌കരണ കുടിശ്ശിക നാലു ഗഡുക്കളായി പി.എഫിൽ ലയിപ്പിക്കുമെന്നായിരുന്നു തീരുമാനം. ഇതനുസരിച്ച് ആദ്യ ഗഡു 2023 ഏപ്രിൽ ഒന്നിനും രണ്ടാം ഗഡു ഒക്ടോബർ ഒന്നിനും മൂന്നാം ഗഡു 2024 ഏപ്രിൽ ഒന്നിനും നാലാം ഗഡു 2024 ഒക്ടോബർ ഒന്നിനും പി.എഫിൽ ലയിക്കുമെന്നായിരുന്നു സർക്കാർ ഉറപ്പ്. 
 ഇതിൽ ഒന്നാം ഗഡു നൽകേണ്ട സമയത്ത് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി തീരുമാനം സർക്കാർ നീട്ടിവെച്ചിരുന്നു. ഇനി, രണ്ടാം ഗഡുവിന്റെ പി.എഫ് ലയനം 'ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ' നീട്ടിവെച്ചാണ് പിണറായി സർക്കാർ ഉത്തരവിറക്കിയിട്ടുള്ളത്. ഇതോടെ, തുടർ ഗഡുക്കളുടെ കാര്യവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 
 ശമ്പള പരിഷ്‌കരണ കുടിശ്ശിക പണമായി നാലുഘട്ടമായി നൽകുമെന്നായിരുന്നു ആദ്യം സർക്കാർ നൽകിയ വാഗ്ദാനം. പിന്നീട്, ഉത്തരവിറങ്ങിയപ്പോൾ നാല് ഗഡുവായി പി.എഫിൽ ലയിപ്പിക്കുമെന്നായി ഉറപ്പ്. 2022-23 വർഷത്തെ ലീവ് സറണ്ടർ പി.എഫിൽ ലയിപ്പിച്ചിട്ടുണ്ട്.
എന്നാൽ, ഇത് 2027-ലേ ഇത് പിൻവലിക്കാനാകൂവെന്നാണ് അറിയുന്നത്. ഡി.എ കുടിശ്ശികയുടെ ആറു ഗഡുക്കളാണ് ജീവനക്കാർക്ക് നൽകാനുള്ളത്.  സാമ്പത്തിക പ്രതിസന്ധിയിൽ ഒട്ടും അയവ് വന്നിട്ടില്ലെന്ന് സർക്കാർ തീരുമാനം വ്യക്തമാക്കുന്നത്. എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സർക്കാർ ധൂർത്തിനും ഉപദേശക വൃന്ദങ്ങളുടെ അധിക ബാധ്യതകൾക്കും മറ്റും കുറവൊന്നുമില്ലെന്നും ഇത് തൊഴിലാളി വർഗ പ്രസ്ഥാനത്തിന് ചേർന്നതല്ലെന്നും സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശങ്ങൾ ഉയരുന്നുണ്ട്. പണിയെടുത്തവർക്കുള്ള ശമ്പള പരിഷ്‌കരണ കുടിശ്ശിക ഉൾപ്പെടെയുള്ള അടിയന്തര പ്രശ്‌നങ്ങൾക്ക് മുഖം കൊടുക്കണമെന്നും സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നുമാണ് സർക്കാർ ജീവനക്കാരും സർവീസ് സംഘടനകളും ഉയർത്തുന്ന ആവശ്യങ്ങൾ.
 

Latest News