ബറേലി- ലൈംഗികാതിക്രമം ചെറുത്ത പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് ട്രെയിനിന് മുന്നിലേക്ക് എറിഞ്ഞു. കാലും കൈയും നഷ്ടപ്പെട്ട 17 വയസ്സുകാരി ജീവനുവേണ്ടി പൊരുതുകയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ചൊവ്വാഴ്ച ബറേലി സിറ്റിയിലെ സിബി ഗഞ്ച് മേഖലയില്‍ നടന്ന സംഭവത്തില്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അനാസ്ഥയുടെ പേരില്‍ നാല് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വൈകുന്നേരങ്ങളില്‍ മകള്‍ ട്യൂഷനു പോകുമ്പോള്‍ ഒരു യുവാവും കൂട്ടാളികളും ചേര്‍ന്ന് ശല്യം ചെയ്യാറുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ഇതേത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഗ്രാമം സന്ദര്‍ശിച്ച് അന്വേഷണം നടത്താന്‍ പോലും പോലീസ് തയ്യാറായില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതിയുടെ കുടുംബത്തോടും പരാതിപ്പെട്ടിരുന്നു.
ചൊവ്വാഴ്ചയാണ് ഖാദൗ റെയില്‍വേ ക്രോസിന് സമീപം പെണ്‍കുട്ടിയെ കാലുകളും ഒരു കൈയും നഷ്ടപ്പെട്ട് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില അതീവഗുരുതരമാണ്.
വിദ്യാര്‍ത്ഥിനിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ടതാണോ അതോ മറ്റെന്തെങ്കിലും വിധത്തില്‍ പരിക്കേറ്റതാണോ എന്ന് പറയാനാകില്ലെന്ന് സിറ്റി പോലീസ് സൂപ്രണ്ട് രാഹുല്‍ ഭാട്ടി പറഞ്ഞു.
ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ യുവാക്കള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. പ്രതിഷേധിച്ചപ്പോള്‍ അവര്‍ അവളെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ടുവെന്ന് പോലീസ് പറഞ്ഞു.
വിഷയം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായം നല്‍കുമെന്നും ബറേലി ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നില ഗുരുതരമായതിനാല്‍ പെണ്‍കുട്ടിയ ഉന്നത മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുകയാണ്. അവളുടെ ചികിത്സയുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും കുമാര്‍ പറഞ്ഞു.
മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പെണ്‍കുട്ടിയുടെ കാലുകള്‍ മുട്ടിനു താഴെ മുറിച്ചുമാറ്റിയതായി ആശുപത്രി ഡയറക്ടര്‍ ഡോ.ഒ.പി.ഭാസ്‌കര്‍ പറഞ്ഞു. സംഭവത്തില്‍ അവള്‍ക്ക് ഒരു കൈയും നഷ്ടപ്പെട്ടു.