പ്രവാസി വ്യവസായിയുടെ വീട്ടില്‍ അരക്കോടിയുടെ മോഷണം, യു പി സ്വദേശികളെ സാഹസികമായി പിടികൂടി

ആലപ്പുഴ - ആലപ്പുഴ മാന്നാറിലെ പ്രവാസി വ്യവസായിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപയിലേറെ വിലവരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അന്തര്‍ സംസ്ഥാന മോഷണ സംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. ഉത്തര്‍പ്രദേശിലെ ബിജിനൂര്‍ ജില്ലയിലെ ഒളിത്താവളത്തില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് സല്‍മാന്‍, ആരിഫ്, റിസ്വാന്‍ സൈഫി എന്നിവരെയാണ് മാന്നാര്‍ ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതികളെ കേരളത്തില്‍ എത്തിച്ചു. ബഹ്‌റൈനില്‍ ബിസിനസ് നടത്തുന്ന രാജശേഖരന്‍ പിള്ളയുടെ കുട്ടമ്പേരൂരിലെ വീട്ടിലും ഡോ. ദിലീപ്കുമാറിന്റെ വീട്ടിലും കഴിഞ്ഞ മാസം 23 ന് രാത്രിയിലാണ് മോഷ്ടാക്കള്‍ എത്തിയത്. വജ്രാഭരണങ്ങളും സ്വര്‍ണ്ണാഭരണങ്ങളും ലക്ഷങ്ങള്‍ വിലമതിക്കുന്ന വാച്ചുകളും ഉള്‍പ്പെടെ അരക്കോടിയോളം രൂപയുടെ സാധനങ്ങള്‍ പ്രവാസി വ്യവസായിയുടെ വീട്ടില്‍ നിന്നും ഇവര്‍ മോഷ്ടിച്ചിരുന്നു.

 

Latest News