Sorry, you need to enable JavaScript to visit this website.

ആദ്യ കപ്പലിനെ വരവേല്‍ക്കാനൊരുങ്ങി വിഴിഞ്ഞം, വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കും

തിരുവനന്തപുരം - ആദ്യ കപ്പലിനെ സ്വീകരിക്കാനൊരുങ്ങി വിഴിഞ്ഞം തുറമുഖം. 15 ന് വൈകിട്ട് നാലിന് തുറമുഖത്തെത്തുന്ന കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. തുറമുഖത്തിന് ആവശ്യമുള്ള ഉപകരണങ്ങളുമായാകും കപ്പല്‍ എത്തുക. മേയ് മാസത്തോടെ തുറമുഖം പ്രവര്‍ത്തന സജ്ജമാകുക. ലോകത്തെ വലിയ കപ്പലുകള്‍ക്കുപോലും സുഗമമായി വന്നുപോകാനുള്ള സൗകര്യം തുറമുഖത്തുണ്ടെന്നു വിഴിഞ്ഞം തുറമുഖം സന്ദര്‍ശിച്ചശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

വിഴിഞ്ഞത്ത് കപ്പലടുക്കുന്ന ദിവസം വിഴിഞ്ഞം രാജ്യാന്തര തുറമുഖം ലോകശ്രദ്ധ നേടുന്ന ദിനമാകുമെന്ന് മന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകള്‍ക്ക് പോലും സുഗമമായി വന്നുപോകാന്‍ കഴിയുന്നതാകും വിഴിഞ്ഞം തുറമുഖം. മറ്റും തുറമുഖങ്ങളിലെല്ലാം കപ്പല്‍ വരാനുള്ള സൗകര്യമൊരുക്കുന്നത് കോടിക്കണക്കിനു രൂപയുടെ ഡ്രഡ്ജിംഗ് നടത്തിയാണ്. ഇവിടെ ഡ്രഡ്ജിംഗ് ആവശ്യമില്ല. 20 മീറ്ററില്‍ കൂടുതല്‍ ആഴം വിഴിഞ്ഞം തുറമുഖത്തിന് സ്വാഭാവികമായി ഉണ്ട്. അതുകൊണ്ട് കപ്പലുകള്‍ക്ക് അനായാസം വന്നുപോകാന്‍ സഹായകമാകും.  

രാജ്യാന്തര കപ്പല്‍ച്ചാലില്‍നിന്നു 10 നോട്ടിക്കല്‍ മൈല്‍ അകലത്തില്‍ കര ലഭിക്കുന്നുവെന്നതു വിഴിഞ്ഞത്തിന്റെ പ്രത്യേകതയാണ്. വിദേശ രാജ്യങ്ങളില്‍നിന്നു കയറ്റുമതി ചെയ്യുന്ന സാധനങ്ങള്‍ കുറഞ്ഞ ചെലവില്‍ വിഴിഞ്ഞത്തുനിന്നു പാക്ക്് ചെയ്ത് അയയ്ക്കാന്‍ കഴിയും. വിദേശരാജ്യങ്ങളെ സംബന്ധിച്ച് ഇതു സാമ്പത്തിക നേട്ടവും കേരളത്തെ സംബന്ധിച്ചു തൊഴിവസരവുമാണ്. കൂടുതല്‍ വിദേശ സഞ്ചാരികള്‍ വിഴിഞ്ഞം തുറമുഖം വഴി കേരളത്തിലേക്ക് എത്തും. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരികയാണ്.

അതിഥികള്‍ കൂടുതലായി വരുന്നതോടെ പുതിയ ഹോട്ടലുകള്‍ വേണ്ടിവരും. ഏറ്റവും കൂടുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുള്ള സംസ്ഥാനം കേരളമാണ്. വിഴിഞ്ഞം തുറമുഖം വരുന്നതോടെ കൂടുതല്‍ സ്റ്റാര്‍ ഹോട്ടലുകള്‍ വരും. തുറമുഖത്തിനായി സ്ഥലം വിട്ടുനല്‍കിവര്‍ക്കും താമസ സൗകര്യം നഷ്ടമായവര്‍ക്കും പുനരധിവാസ പാക്കേജ് നടപ്പാക്കുന്നുണ്ട്. നാട്ടുകാരായ തൊഴിലാളികള്‍ക്ക് ജോലി ഉറപ്പുവരുത്തും. അസാപിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കായി സാങ്കേതിക പരിശീലന കേന്ദ്രം ആരംഭിക്കും. അയ്യായിരത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആദ്യഘട്ടത്തില്‍ കഴിയും. നാവായികുളം-വിഴിഞ്ഞം റിംഗ് റോഡ് വരുന്നതോടെ റോഡിന് ഇരുവശത്തും വ്യവസായ കേന്ദ്രങ്ങള്‍ വരും. തുറമുഖത്തിനോട് ചേര്‍ന്ന് റിംഗ് റോഡിനായി 6,000 കോടി രൂപ സര്‍ക്കാര്‍ മാറ്റിവച്ചിട്ടുണ്ട്. തുറമുഖത്തിന്റെ മൂന്നാംഘട്ടം 2027ല്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

 

Latest News