Sorry, you need to enable JavaScript to visit this website.

വധശ്രമക്കേസില്‍ പശു സംരക്ഷകന്‍ മോനു മനേസറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

ഗുരുഗ്രാം- വധശ്രമക്കേസില്‍ പശു സംരക്ഷകനും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനുമായ മോനു മനേസര്‍ എന്നറിയപ്പെടുന്ന മോഹിത് യാദവിനെ പട്ടൗഡി കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
നാല് ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി ബുധനാഴ്ച പൂര്‍ത്തിയാക്കിയ ശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് തരന്നം ഖാനാണ് മനേസറിനെ ബോണ്ട്‌സി ജയിലിലേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്.
അന്വേഷണം തുടരുകയാമെന്നും മോനു മനേസറിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുവെന്നും പട്ടൗഡി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഹരീന്ദര്‍ സിംഗ് പറഞ്ഞു.
നേരത്തെ ഒക്ടോബര്‍ ഏഴിന് ഗുരുഗ്രാം പോലീസിന് നാല് ദിവസത്തെ പ്രൊഡക്ഷന്‍ വാറണ്ട് അനുവദിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരി ഏഴിന് പട്ടൗഡി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസില്‍ ഉപയോഗിച്ച ആയുധം കണ്ടെടുക്കാന്‍ കാണ്‍പൂരിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഒരു വെള്ള സ്‌കോര്‍പ്പിയോ, ഒരു റൈഫിള്‍, നാല് വെടിയുണ്ടകള്‍ എന്നിവ ഇയാളില്‍ നിന്ന് കണ്ടെടുത്തതായി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതായി പോലീസ് പറഞ്ഞു.

ഫെബ്രുവരി ആറിന് പട്ടൗഡിയിലെ ബാബ ഷാ മൊഹല്ലയില്‍ മനേസര്‍ സംഘത്തോടൊപ്പം അവിടെയുണ്ടായിരുന്നപ്പോള്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ കലഹവുമായി ബന്ധപ്പെട്ടതാണ് കേസെന്ന് പോലീസ് പറഞ്ഞു. രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള വെടിവയ്പില്‍ തന്റെ മകന് വെടിയേറ്റുവെന്ന് ആരോപിച്ച്  പ്രദേശവാസിയായ മുബിന്‍ ഖാന്‍ നല്‍കിയതാണ് പരാതി.
പരാതിയെ തുടര്‍ന്ന് പട്ടൗഡി പോലീസ് സ്‌റ്റേഷനില്‍ മനേസറിനെതിരെ സെക്ഷന്‍ 307 (കൊലപാതകശ്രമം) പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ഫെബ്രുവരി 16 ന് രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയില്‍ പശുക്കടത്ത് ആരോപിച്ച് തട്ടിക്കൊണ്ടുപോയ നസീറിനെയും ജുനൈദിനെയും കൊലപ്പെടുത്തിയ കേസിലാണ് മനേസര്‍ അറസ്റ്റിലായത്.  വാഹനത്തില്‍ കത്തിക്കരിഞ്ഞനിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നത്.

 

Latest News