ഇസ്ലാമാബാദ്- ഇന്ത്യന്‍ വ്യോമസേനയുടെ പത്താന്‍കോട്ട് താവളത്തില്‍ 2016ല്‍ നടന്ന ആക്രമണത്തിന്റെ സൂത്രധാരന്‍ ജയ്‌ശെ മുഹമ്മദ് തീവ്രവാദി ഷാഹിദ് ലത്തീഫിനെയും സഹോദരനെയും അജ്ഞാതര്‍ വെടിവെച്ചുകൊന്നു. ബുധനാഴ്ച പാക്കിസ്ഥാനിലെ സിയാല്‍കോട്ട് ജില്ലയിലെ പള്ളിക്ക് പുറത്ത് ഇരുവരും വെടിയേറ്റ് മരിച്ചത്.
ദസ്‌ക ടൗണിലെ നൂര്‍ മദീന പള്ളിക്ക് പുറത്ത് ബുധനാഴ്ച പുലര്‍ച്ചെ ലത്തീഫ് പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തേക്ക് വരുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മോട്ടോര്‍ സൈക്കിളിലെത്തിയ മൂന്ന് പേര്‍ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു, 53 കാരനായ ലത്തീഫും സഹോദരന്‍ ഹാരിസ് ഹാഷിമും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
നൂറുദ്ദീന്‍ ബിലാല്‍ എന്ന ലത്തീഫ് സിയാല്‍കോട്ടിലെ ജെയ്‌ശെ മുഹമ്മദ് ലോഞ്ചിംഗ് കമാന്‍ഡറായിരുന്നു. ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ഇയാള്‍ പ്രധാന പങ്കുവഹിച്ചു.
1993ല്‍ പാക് അധീന കശ്മീരില്‍ നിന്ന് നിരോധിത സംഘടനയായ ഹര്‍ക്കത്തുല്‍അന്‍സാര്‍ സംഘത്തിന്റെ കേഡറായാണ് ലത്തീഫ് കശ്മീരിലേക്ക് കടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു വര്‍ഷത്തിനുശേഷം അറസ്റ്റ് ചെയ്ത് ജമ്മുവിലെ കോല്‍ ബല്‍വാള്‍ ജയിലിലടച്ചു.
തീവ്രവാദികള്‍ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയി ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് പകരമായി 1989ല്‍ മോചിതനാകുന്നതുവരെ ജയിലിലായിരുന്ന മസൂദ് അസ്ഹറാണ് ഇയാളെ കൂടുതല്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു.
16 വര്‍ഷം ഇന്ത്യന്‍ ജയിലില്‍ കഴിഞ്ഞ ശേഷം 2010ല്‍ ഷാഹിദ് ലത്തീഫിനെ അട്ടാരി വാഗാ അതിര്‍ത്തി വഴി നാടുകടത്തപ്പെട്ടു, അപ്പോഴേക്കും ജയ്‌ശെ മുഹമ്മദ് ഭീകരസംഘം രൂപീകരിച്ച അസ്ഹറുമായി വീണ്ടും ബന്ധപ്പെട്ടതായി കരുതുന്നു.
2016 ജനുവരി രണ്ടിന് പത്താന്‍കോട്ട് എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലേക്ക് നാല് ജയ്‌ശെ മുഹമ്മദ് ഭീകരര്‍ നുഴഞ്ഞുകയറിയപ്പോള്‍ ഏഴ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഉപരോധം മൂന്ന് ദിവസം നീണ്ടുനിന്നിരുന്നു.