ജഗ്ജിത് സിംഗ് വിട വാങ്ങിയിട്ട് പന്ത്രണ്ട് വർഷം
ഗസൽ മാന്ത്രികൻ ജഗ്ജിത് സിംഗ് വിട പറഞ്ഞിട്ട് പന്ത്രണ്ടു വർഷമായി.
1941 ൽ രാജസ്ഥാനിലെ ഒരു ചെറുഗ്രാമത്തിലാണ് ജഗ്ജിത് സിംഗിന്റെ ജനനം. ചെറുപ്പം മുതൽ ഹിന്ദുസ്ഥാനി സംഗീതത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹത്തെ പിതാവും പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥനുമായിരുന്ന സർദാർ അമർ സിംഗ് പ്രോഹത്സാഹിപ്പിക്കുമായിരുന്നു. ജന്മസിദ്ധമായ കഴിവിനപ്പുറം സംഗീതം ജീവിതോപാധിയായി തെരെഞ്ഞെടുക്കുന്നതിനോട് പിതാവിന് യോജിപ്പുണ്ടായിരുന്നില്ല. ജഗ്ജിത് സിംഗ് അദ്ദേഹത്തിന്റെ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തീകരിച്ചാണ്
1965 ൽ മുംബൈയിലേക്ക് ചേക്കേറുന്നത്്. മുംബൈ നഗരമാണ് ജഗ്ജിത് സിംഗ് എന്ന സംഗീതേതിഹാസത്തെ ലോകത്തിന് പരിചയെപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നിർണായക മുഹൂർത്തങ്ങൾക്ക്്് വേദിയാകുന്നതും മുംബൈ എന്ന മഹാനഗരം തന്നെ.
സംഗീത ജീവിതത്തിലെ ഉയർച്ചയുടെ പടവുകൾ ചവിട്ടിക്കേറുമ്പോൾ 1967 ൽ മുംബൈയിലെ ഒരു റെക്കോഡിംഗ് സ്റ്റുഡിയോയിൽ മൊട്ടിട്ട പ്രണയത്തിന്റെ സാഫല്യമായിരുന്നു ചിത്രസിംഗ് എന്ന പ്രശസ്ത ഗായിക അദ്ദേഹത്തിന്റെ ജീവിത സഖിയായി മാറിയത്. സംഗീത യാത്രയിൽ താങ്ങും തണലുമായി അവർ പരസ്പരം കൈകോർത്തു.
ആ കൂടിച്ചേരൽ സമ്മാനിച്ചത് നിരവധി ഹിറ്റുകളാണ്. 1980 ൽ പുറത്തിറങ്ങിയ 'ദി ലേറ്റസ്റ്റ്' എന്ന ഗസൽ സമാഹാരമാണ് ഗായക ദമ്പതിമാരിലെ ആലാപന സിദ്ധിയായി ആസ്വാദകർ ഹൃദയത്തിലേറ്റുവാങ്ങിയത്്. 'വോ കാഗസ് കി കഷ്ത്തി വോ ബാരിഷ് കാ പാനി' ആസ്വാദക ഹൃദയങ്ങളെ ഗൃഹാതുരത്വം ഉണർത്തിക്കൊണ്ട് ചെറുപ്പകാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഹൃദയസ്പർശിയായ വരികൾ സുദർശൻ ഫാഖിർ എന്ന രചയിതാവിന്റെ തൂലികയിൽ വിരിഞ്ഞപ്പോൾ ജഗ്ജിത് സിംഗിന്റെയും ചിത്രസിംഗിന്റെയും മധുരശബ്ദത്തിൽ അത് അലയടിച്ചു.
ഒട്ടനവധി ചിത്രങ്ങൾക്ക് സംഗീതം നൽകിക്കൊണ്ടും ഗാനം ആലപിച്ചുകൊണ്ടും അവർ ഹിന്ദി സിനിമാലോകത്ത് നിറഞ്ഞു നിന്നു. 1981 ൽ പുറത്തിറങ്ങിയ പ്രേം ഗീത് എന്ന ചിത്രത്തിന് വേണ്ടി ജഗ്ജിത് സിംഗ് സംഗീതം നൽകി അദ്ദേഹം തന്നെ ആലപിച്ചിട്ടുള്ള ഹോത്തോൻ സെ ചൂലോ തും, മേരെ ഗീത് അമർ കർ ദോ എന്ന അനശ്വര ഗാനം ഇന്നും സംഗീത സന്ധ്യകളിൽ പ്രണയാർദ്രമായ മഴത്തുള്ളികളായി ആസ്വാദക ഹൃദയങ്ങളിൽ പെയ്തിറങ്ങുന്നു. ലോകത്തെ പ്രശസ്തമായ നിരവധി വേദികളിൽ ജഗ്ജിത് സിംഗിന്റെ സ്വരശ്രേഷ്ഠതയിൽ ഹിന്ദുസ്ഥാനി രാഗങ്ങൾ അന്തരീക്ഷത്തിൽ തളംകെട്ടി നിന്നപ്പോൾ ഹരർഷാരവ താളത്താൽ ജനനിബിഢമായ സംഗീത സദസ്സ് അതിന് സാക്ഷിയായി. ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിലും വെംബ്ലി സ്റ്റേഡിയത്തിലും സിഡ്നിയിലെ ഒപേര ഹൗസിലും അരങ്ങേറിയ ഗസൽ സന്ധ്യകൾ എക്കാലത്തെയും അവിസ്മരണീയ മുഹൂർത്തങ്ങളായി സംഗീത ചരിത്രം രേഖപ്പെടുത്തുന്നു.
ഏക മകൻ വിവേകിന്റെ ആകസ്മിക വിയോഗം ദമ്പതികളെ മാനസികമായി തളർത്തിയിരുന്നു. ഇത് മൂലം ചിത്രസിംഗ് സംഗീത ലോകത്ത് നിന്നും പിൻവാങ്ങിയെങ്കിലും ജഗ്ജിത് സിംഗ് ഒരു ഇടവേളക്ക് ശേഷം വീണ്ടും സംഗീത ലോകത്ത് സജീവമാവുകയുണ്ടായി.
1991 ൽ പുറത്തിറങ്ങിയ ആപ്‌കോ ദേഖ്കർ ദെക്തേ രഹ്ഗയ കമിതാവിലെ ആദ്യ കാഴ്ചയിലെ അനുരാഗത്തെ വിശേഷിപ്പിച്ചുകൊണ്ട് വസീം ബറേൽവിയുടെ അർത്ഥതലങ്ങളാൽ വ്യാപ്തിയുള്ള വരികൾക്ക് ജഗ്ജിത് സിംഗിന്റെ ആലാപന ശൈലി കൊണ്ട് മറ്റൊരു അനശ്വര ഗീതമായി ആസ്വാദക ഹൃദയങ്ങളിൽ ഇന്നും മുഴങ്ങുന്നു.
ലത മങ്കേഷ്‌കറും മുകേഷും ചേർന്ന് ഷോർ എന്ന ചിത്രത്തിന് വേണ്ടി ആലപിച്ചിട്ടുള്ള ഏക് പ്യാർ കാ നഗ്മാ ഹേ എന്ന നിത്യഹരിത ഗാനം ജഗ്ജിത് സിംഗ് അദ്ദേഹത്തിന്റെ സ്വതഃസിദ്ധമായ ശൈലിയിൽ ക്ലോസ് റ്റു മൈ ഹാർട്ട് എന്ന ആൽബത്തിൽ ആലപിച്ചപ്പോൾ പതിറ്റാണ്ടുകൾക്ക് ശേഷം ഈ ഗാനം വീണ്ടും സംഗീത ആസ്വാദകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത.് സംഗീത ലോകത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ മുൻനിർത്തി പത്മഭൂഷൺ 2003 ൽ അദ്ദേഹത്തെ തേടിയെത്തി.