ടെല്‍അവീവ്- ഇസ്രയല്‍- ഹമാസ് യുദ്ധം അഞ്ചാം ദിവസത്തിലേക്ക്. യുദ്ധത്തില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 1900 കടന്നു. 1000ല്‍ അധികം പേരാണ് ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗാസയില്‍ ഇസ്രയല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ എണ്ണം 900 കടന്നു. ഇതില്‍ 260 കുട്ടികളും 230 സ്ത്രീകളും ഉള്‍പ്പെടുന്നു. 4600 ഓളം പേര്‍ക്കാണ് പരിക്കേറ്റത്.
അതിനിടെ ഹമാസ് നുഴഞ്ഞു കയറ്റം തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇസ്രയല്‍ രംഗത്തെത്തി. ഗാസയില്‍ നിന്ന് കൂടുതല്‍ ഹമാസ് രാജ്യത്തേക്ക് കടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയല്‍ നഗരമായ അഷ്‌കലോണില്‍ പോരാട്ടം കടുക്കുമെന്നാണ് വിലയിരുത്തുന്നത്. അതിനാല്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ജനങ്ങളോട് മാറാന്‍ ഇസ്രയല്‍ സൈന്യം ആവശ്യപ്പെട്ടു.
യുദ്ധത്തില്‍ ഇസ്രയലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഹമാസ് ആക്രമണത്തില്‍ 14 അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. ഹമാസ് ബന്ദികളാക്കിയവരില്‍ അമേരിക്കക്കാരും ഉണ്ടെന്ന് ബൈഡന്‍ വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. യുഎസ് വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യാഴാഴ്ച്ച ഇസ്രയല്‍ സന്ദര്‍ശിക്കും. ഇസ്രയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, നയതന്ത്ര, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും. അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം, ബന്ദികളെ മോചിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇസ്രയലിന്റെ 'അയേണ്‍ ഡോമിന്റെ' തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മിസൈലുകളും മറ്റ് ആയുധങ്ങളും അമേരിക്ക നല്‍കും. യുഎസില്‍ നിന്ന് ആയുധങ്ങളുമായി യുദ്ധവിമാനം ഇസ്രയലില്‍ എത്തി. യുഎസ് പടക്കപ്പല്‍ മെഡിറ്ററേനിയന്‍ കടലിലാണ്.