ബൈറൂത്ത്- ഇസ്രായേല്‍ സൈന്യം തെക്കന്‍ ലെബനാനിലേക്ക് ആക്രമണം നടത്തി. ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണമുണ്ടായതെന്ന് ഇസ്രായേല്‍ സേന സ്ഥിരീകരിച്ചു.
ലെബനാനില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തിന് പിന്നാലെയാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ സേന വ്യക്തമാക്കിയത്. ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തിയിലാണ് ലെബനാനില്‍ നിന്ന് റോക്കുറ്റുകളെത്തിയത്. തുടര്‍ന്ന് തെക്കന്‍ ലെബനാനിലേക്ക് ഇസ്രായേല്‍ ടാങ്കുകള്‍ ലക്ഷ്യമിടുകയായിരുന്നു.
പടിഞ്ഞാറന്‍ ഗലീലി പ്രദേശത്തെ മെറ്റ്സുവ, ബെറ്റ്സെറ്റ്, ഷ്‌ലോമി, ഹനിത, അച്ച്സിവ്, ലിമാന്‍ തുടങ്ങിയ അതിര്‍ത്തി സമൂഹങ്ങളിലാണ് റോക്കറ്റ് ആക്രമണ സൈറണുകള്‍ മുഴങ്ങിയതെന്ന് ഇസ്രായേല്‍ അറിയിച്ചു. ഷ്‌ലോമിയില്‍ ഒരു റോക്കറ്റ് വീണതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.
ലെബനാനില്‍ നിന്നും ഇസ്രായേലിലേക്ക് ചൊവ്വാഴ്ച വൈകുന്നേരം 15 റോക്കറ്റുകളാണ് തൊടുത്തത്.
ഇസ്രായേല്‍ സേനയ്ക്ക് നേരെ ടാങ്ക് വേധ ഗൈഡഡ് മിസൈല്‍ വിക്ഷേപിച്ചതിന് പിന്നാലെ തെക്കന്‍ ലെബനനിലെ മറ്റൊരു ഹിസ്ബുള്ള നിരീക്ഷണ പോസ്റ്റിന് നേരെ ഐ ഡി എഫ് ഹെലികോപ്റ്റര്‍ ആക്രമണം നടത്തിയതായി സൈന്യം അറിയിച്ചു.
അതിര്‍ത്തിക്കപ്പുറമുള്ള ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ സൈന്യം പീരങ്കികള്‍ ഉപയോഗിച്ചു. ചൊവ്വാഴ്ച തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രായേലിന് നേരെ റോക്കറ്റ് പ്രയോഗിച്ചതിന്റെ ഉത്തരവാദിത്തം ഹമാസിന്റെ സായുധ വിഭാഗം ഏറ്റെടുത്തതായി പ്രസ്താവനയില്‍ പറഞ്ഞു.
വടക്കന്‍ ഇസ്രായേലില്‍ നുഴഞ്ഞുകയറ്റം നടന്നതായി സംശയിക്കുന്നതായും സൈന്യം പറയുന്നുണ്ട്.
ലെബനന്‍ അതിര്‍ത്തിയില്‍ നിന്ന് ഭീകരര്‍ നുഴഞ്ഞുകയറുമെന്ന ഭീതിയില്‍ ഇസ്രായേല്‍ സൈന്യം പരിശോധന നടത്തിയതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിര്‍ത്തിയില്‍ നിന്ന് നാല് കിലോമീറ്ററോ അതില്‍ താഴെയോ അകലെയുള്ള ഇസ്രായേലി പട്ടണങ്ങളിലെ താമസക്കാരോട് വീടുകളില്‍ അഭയം തേടാന്‍ ആവശ്യപ്പെട്ടു. രാത്രി ഏഴോടെയാണ് ഭീഷണി പിന്‍വലിച്ചത്.
വടക്കന്‍ ഭാഗങ്ങളില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അതിര്‍ത്തി നഗരമായ മെതുലയിലെ താമസക്കാരോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു.