ന്യൂദല്‍ഹി- കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസിനുള്ള അനുമതി അടുത്ത മാസത്തോടെ പുനസ്ഥാപിക്കുമെന്ന് ഉറപ്പായതോടെ എയര്‍ ഇന്ത്യയും വിലയ വിമാനമിറക്കാന്‍ രംഗത്തെത്തി. ഇതിനു മുന്നോടിയായുള്ള സുരക്ഷാ പരിശോധന തിങ്കളാഴ്ച ആരംഭിക്കും. സൗദി എയര്‍ലൈന്‍സ് നേരത്തെ സുരക്ഷാ പരിശോധന പൂര്‍ത്തീകരിച്ച് കരിപ്പൂരില്‍ വലിയ വിമാനം ഇറക്കാന്‍ തയാറാണെന്നും ആവശ്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കരിപ്പൂരിലുണ്ടെന്നും വ്യക്തമാക്കിയിരുന്നു. വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇനി അനുമതി നല്‍കില്ലെന്ന കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സുചന ലഭിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ആദ്യം പിന്‍വാങ്ങിയിരുന്നു. എന്നാല്‍ സൗദി എയര്‍ലൈന്‍സ് സന്നദ്ധരായി മുന്നോട്ടു വരികയും അനുമതി കേന്ദ്ര സര്‍ക്കാര്‍ പുനസ്ഥാപിക്കുമെന്നും ഏതാണ്ട് ഉറപ്പായതോടെയാണ് എയര്‍ ഇന്ത്യയും വീണ്ടും വലിയ വിമാനം കരിപ്പൂരില്‍ ഇറക്കാന്‍ സന്നദ്ധരായത്. എയര്‍ ഇന്ത്യയ്ക്കു മറ്റു തടസ്സങ്ങളൊന്നുമില്ലെന്നും കമ്പനി വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
വലിയ വിമാനങ്ങള്‍ ഇറക്കുന്നതിന് ഓരോ കമ്പനിയും സ്വന്തം നിലയില്‍ സുരക്ഷാ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എയര്‍ ഇന്ത്യ തിങ്കളാഴ്ച പരിശോധന നടത്തുന്നത്. എയര്‍പോര്‍ട്ട് ഉപദേശക സമിതി അധ്യക്ഷന്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്കാണ് ഇതു സംബന്ധിച്ച അറിയിപ്പു ലഭിച്ചത്. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് കുഞ്ഞാലിക്കുട്ടിയും എം.കെ രാഘവന് എംപിയും ഉള്‍പ്പെടെയുള്ള എംപിമാര്‍ എയര്‍ ഇന്ത്യ മേധാവി പ്രദീപി സിങ് ഖരോലയെ നേരിട്ട് കണ്ടിരുന്നു.