കാസർകോട്- സ്‌കൂൾ പ്രവൃത്തി സമയങ്ങളിൽ ടിപ്പർ ലോറികളുടെ സർവീസിന് ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചതോടെ തൊഴിൽ നിർമ്മാണ മേഖലകൾ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്നു. റോഡ് സുരക്ഷാ കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരം നിയന്ത്രണങ്ങൾ വർദ്ധിപ്പിച്ചതായുള്ള സർക്കുലർ എത്തിയതോടെ ഓരോ പോലീസ് സ്‌റ്റേഷൻ പരിധികളിലും പോലീസ് ഉദ്യോഗസ്ഥർ ടിപ്പർ ലോറികൾ പിടിച്ചിടാൻ തുടങ്ങിയതോടെ മേഖല കടുത്ത പ്രതിസന്ധിയിലായി. ജില്ലയിലെ ചില പോലീസ് സ്‌റ്റേഷനുകളിൽ ടിപ്പർ ലോറികൾ തടഞ്ഞു വെക്കാൻ തുടങ്ങി.
കാസർകോട് ജില്ലയിൽ മാത്രം 500 ഓളം ടിപ്പർ ഉടമകളും കരിങ്കൽ മെറ്റീരിയലുകൾ വിതരണം ചെയ്യുന്ന ക്രഷർ ഉടമകളുമാണ് ഇതോടെ കൂടുതൽ ദുരിതത്തിൽ ആയത്. 500 ഓളം ടിപ്പർ ലോറികളെ ആശ്രയിച്ചു കഴിയുന്ന തൊഴിലാളികളെയും ഈ നിയന്ത്രണങ്ങൾ പ്രതികൂലമായി ബാധിക്കും. സ്‌കൂൾ സമയത്ത് സുരക്ഷിതത്വം കണക്കിലെടുത്ത് രാവിലെ എട്ട് മണി മുതൽ 10 മണി വരെയുള്ള രണ്ടുമണിക്കൂറും വൈകുന്നേരം മൂന്ന് മണി മുതൽ അഞ്ച് മണി വരെയുള്ള രണ്ടു മണിക്കൂറും ടിപ്പർ, ടോറസ് ലോറികൾ സർവീസ് നടത്താൻ പാടില്ല എന്നാണ് പുതിയ ഉത്തരവ്.
രാവിലെ ആറു മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് കരിങ്കൽ ക്രഷറുകൾ പ്രവർത്തിക്കുന്നത്. പകൽ സമയത്ത് എട്ടു മണിക്കൂറിൽ നാലു മണിക്കൂറും ഓട്ടം നിർത്തിയാൽ ഒരു ദിവസം ടിപ്പർ ലോറിക്ക് സർവീസ് നടത്താൻ കഴിയുന്നത് ഒരു ട്രിപ്പ് മാത്രമാണ്. ക്രഷറിൽനിന്ന് കരിങ്കല്ലും ജില്ലിയും കയറ്റുന്നതിനും ഇറക്കുന്നതിനും താമസം സംഭവിച്ചാൽ ആ ട്രിപ്പും മുടങ്ങുമെന്ന അവസ്ഥയാണ്. നേരത്തെ സ്‌കൂൾ സമയങ്ങളിൽ ഉണ്ടായ നിയന്ത്രണം കാരണം ദിവസം അഞ്ചു വണ്ടികളിൽ മെറ്റീരിയലുകൾ കയറ്റി അയച്ചിരുന്ന ലോറി ഉടമകൾക്കും ക്രഷർ ഉടമകൾക്കും നിയന്ത്രണം ഘടിപ്പിച്ചതോടെ അത് എട്ടും ഒമ്പതും വണ്ടിയായി വർധിപ്പിക്കേണ്ടി വന്നിരിക്കുകയാണ്. ക്രഷർ യൂണിറ്റുകൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കി എന്നത് മാത്രമല്ല ആവശ്യപ്രകാരം മെറ്റീരിയലുകൾ എത്തിച്ചില്ലെങ്കിൽ നാട്ടുകാരുടെയും കരാറുകാരുടെയും പഴിയും ടിപ്പർ ലോറി ഉടമകളാണ് കേൾക്കേണ്ടിവരുന്നത്. നിയന്ത്രണ സമയം കൂട്ടിയത് ദേശീയപാത നിർമ്മാണത്തെയും വിവിധ റോഡുകളുടെ നിർമ്മാണ പ്രവൃത്തിയെയും പ്രതികൂലമായി ബാധിക്കും. വർദ്ധിച്ച റോഡ് നികുതി അടച്ചു നിയമങ്ങളെല്ലാം പാലിച്ചുകൊണ്ട് സർവീസ് നടത്തുന്ന ടിപ്പർ ലോറി ഉടമകളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടുന്ന നിയന്ത്രണങ്ങൾ പിൻവലിക്കണം എന്നാണ് ലോറി ക്രഷർ ഉടമകൾ പറയുന്നത്. ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയും ടിപ്പർ ലോറികൾ നിരത്തിലിറക്കി ചെറുകിട വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനു മുൻകൈയെടുത്ത ഉടമകളെ പാപ്പരാക്കുന്ന തീരുമാനങ്ങളാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ഉടമകളുടെ സംഘടനാ ഭാരവാഹികൾ ആരോപിക്കുന്നു.