ന്യൂദല്‍ഹി- ഡി.എം.കെ. നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ എ. രാജ എം.പിയുടെ പതിനഞ്ചിടങ്ങളിലെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. രാജയുടെ ബിനാമി കമ്പനി, കോവെ ഷെല്‍ട്ടേഴ്‌സ് പ്രമോട്ടേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അനധികൃത സ്വത്തുസമ്പാദനക്കേസിലാണ് നടപടി.
ചൊവ്വാഴ്ചയാണ് ഇ.ഡി. നടപടി പൂര്‍ത്തിയാക്കിയത്. യു.പി.എ. സര്‍ക്കാരില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരിക്കേ, എ. രാജ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നതാണ് കേസ്. കമ്പനിയുടെ പേരിലുള്ള പതിനഞ്ചിടങ്ങളിലെ ബിനാമി സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. നേരത്തേതന്നെ കേസിന്റെ അന്വേഷണത്തിലായിരുന്നു ഇ.ഡി. പിന്നാലെ രാജയെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നടപടി. ഈ സ്വത്തുക്കളൊന്നും കൈമാറ്റം ചെയ്യരുതെന്ന നോട്ടീസ് നേരത്തേ ഇ.ഡി. പുറത്തിറക്കിയിരുന്നു.