ന്യൂദല്‍ഹി- ട്വിറ്റര്‍ തുറന്നു നോക്കിയ ഇന്ത്യയിലെ ആയിരക്കണിക്ക് സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കള്‍ തങ്ങളുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് കണ്ട് അമ്പരിന്നിരിക്കുകയാണ്. ഫോണ്‍ബുക്കില്‍ സേവ് ചെയ്യാത്ത ഒരു നമ്പര്‍ എങ്ങിനെ നുഴഞ്ഞു കയറി ഫോണിലെത്തി എന്ന ചോദ്യം മാത്രം ബാക്കി. ആധാര്‍ നല്‍കുന്ന യൂണീക് ഐഡിന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)യുടെ ടോള്‍ഫ്രീ ഹെല്‍പ് ലൈന്‍ നമ്പറായ 1947 ആണ് ഉപഭോക്താക്കള്‍ അറിയാതെ ഫോണ്‍ബുക്കില്‍ കയറിക്കൂടിയിരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരു ഉപഭോക്താവ് കാര്യം ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് പലരും തങ്ങളുടെ ഫോണുകള്‍ പരിശോധിച്ചത്.
തങ്ങളുടെ ഫോണിലും UIDAI എന്ന പേരില്‍ പുതിയ കോണ്ടാക്ട് തങ്ങളുടെ അനുവാദമില്ലാതെ നുഴഞ്ഞു കയറിയിട്ടുണ്ടെന്നും ഇതു ആശങ്കപ്പെടുത്തുന്നുവെന്നും മുറവിളികളുയുമായി ആയിരക്കണക്കിനാളുകളാണ് ട്വിറ്ററില്‍ ബഹളം വയ്ക്കുന്നത്. സ്വകാര്യത വലിയ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍ ഈ നുഴഞ്ഞു കയറ്റം ഗൗരവതരമെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ആധാര്‍ വിമര്‍ശകനായ ഫ്രഞ്ച് ഹാക്കറും സൈബര്‍ സുരക്ഷാ വിദഗ്ധനുമായ എലിയറ്റ് ആല്‍ഡേഴ്‌സണും ഇതിന്റെ ഗൗരവം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തു. 'വ്യത്യസ്ത മൊബൈല്‍ കമ്പനികളുടെ സേവനം ഉപയോഗിക്കുന്ന നിരവധി ഉപഭോക്താക്കള്‍്, ആധാര്‍ ഉള്ളവര്‍രും ഇല്ലാത്തവരും, എംആധാര്‍ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്തവരും ചെയ്യാത്തവരും തങ്ങളുടെ മൊബൈലിലെ കോണ്ടാക്ട്് ലിസ്റ്റില്‍ തങ്ങളറിയാതെ മാറ്റം വരുത്തിയിരിക്കുന്നു. ഇതെങ്ങനെ സംഭവിച്ചു എന്ന് വിശദീകരിക്കാമോ?' എന്നായിരുന്നു ആല്‍ഡേഴ്‌സന്റെ ട്വീറ്റ്.
ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ ആധാര്‍ നമ്പര്‍ വെളിപ്പെടുത്തി സ്വകാര്യത ഹനിക്കാന്‍ വെല്ലുവിളിച്ച് പുലിവാലു പിടിച്ചതിനു പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍. ശര്‍മയുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി പരസ്യമാക്കിയിരുന്നു.