Sorry, you need to enable JavaScript to visit this website.

സഞ്ചാരികളുടെ പറുദീസയാവാൻ കടത്തനാട്

ലോകനാർകാവിൽ പൂർത്തിയായ കെട്ടിട സമുച്ചയം
വിപുലമായ സൗകരങ്ങളോടെയുള്ള മുറികൾ
ചെറിയ ചിറ
ക്ഷേത്ര ചിറ
ലോകനാർകാവ് ക്ഷേത്രം
ഡോർമിറ്ററി

ചുരികത്തലപ്പ് കൊണ്ട് പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥകൾ രചിച്ച കടത്തനാട്. ഇതിഹാസങ്ങളുടെ നഗരം. വടകര ടൗണിൽ നിന്ന്  അഞ്ച് കിലോ  മീറ്റർ കിഴക്ക് മാറിയാണ്  ലോകനാർകാവ് സ്ഥിതി ചെയ്യുന്നത്. തച്ചോളി ഒതേനന്റെയും ഉണ്ണിയാർച്ചയുടെയും പാദസ്പർശമേറ്റ ലോകനാർകാവാണ് ഇനി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുന്നത്. കേരളമാകെ വിനോദ സഞ്ചാരികളുടെ പ്രവാഹമാണിപ്പോൾ. ഓരോ വർഷവും കൂടുതൽ പേരെത്തുന്നതായാണ് കണക്കുകൾ. ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ പ്രമുഖ അന്താരാഷ്ട്ര മാധ്യമം ന്യൂയോർക്ക് ടൈംസ് കേരളത്തെ ഉൾപ്പെടുത്തിയത് നിസ്സാര കാര്യമല്ല. കേരള ടൂറിസത്തിൽ കോഴിക്കോട് ജില്ലയിലെ വിനോദ സഞ്ചാര  കേന്ദ്രങ്ങൾക്ക് പ്രാധാന്യമേറെയാണ്. അതിൽ തന്നെ പ്രധാനപ്പെട്ട മൂന്നിലേറെയും വടകര മേഖലയിലാണെന്നത് ശ്രദ്ധേയം.

പരേതാത്മാക്കൾ തുമ്പികളെ പോലെ പാറിപ്പറക്കുന്ന അറബിക്കടലിലെ വെള്ളിയാങ്കല്ല് തിക്കോടിക്കടുത്താണ്. കുറ്റിയാടിപ്പുഴയെ അറബിക്കടൽ വാരിപ്പുണരുന്ന സാൻഡ് ബാങ്ക്‌സ് വടകര നഗരത്തിന്റെ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. ജില്ലയിലിപ്പോൾ ഏറ്റവുമേറെ സന്ദർശകരെത്തുന്നത് മൂരാട് പുഴയുടെ തീരത്ത് ഇരിങ്ങൽ സർഗാലയയിലാണ്. വടകര ഭാഗത്തെ പ്രധാന ടൂറിസം പദ്ധതിയാണ് ലോകനാർകാവിൽ ഒരുങ്ങുന്നത്. ലോകനാർകാവിന്റെ മുഖഛായ തന്നെ മാറ്റിയിരിക്കുകയാണ്  തീർത്ഥാടന ടൂറിസം പദ്ധതി.  


ടൂറിസം പദ്ധതിയുടെ വിവിധ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം  ഈ മാസം  15 ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ചരിത്രത്തിൽ പ്രമുഖ സ്ഥാനമുള്ള ലോകനാർകാവ് ക്ഷേത്രത്തോട് തൊട്ടുരുമ്മിയാണ് മേമുണ്ട മഠം നാഗക്ഷേത്രവും മുത്തപ്പൻ പയംകുറ്റി മലയും സിദ്ധാശ്രമവും. സഞ്ചാരികൾക്കും തീർഥാടകർക്കും പ്രകൃതിഭംഗി മുറ്റിനിൽക്കുന്ന ഗ്രാമഭംഗി ആസ്വദിക്കാവുന്ന സങ്കേതങ്ങളാണിതെല്ലാം.   
2011 ലാണ് ലോകനാർകാവ് ടൂറിസം പദ്ധതിക്ക് 1.25 കോടി രൂപ അനുവദിച്ചത്. മന്ത്രി കോടിയേരി ബാലകൃഷ്ണൻ 2011 ഫെബ്രുവരിയിൽ തറക്കല്ലിട്ടു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി (യു.എൽ.സി.സി. എസ്) പ്രവൃത്തി ആരംഭിക്കുകയും ചെയ്തിരുന്നു. പിന്നീട് പല കാരണങ്ങളാൽ മുടങ്ങിപ്പോകുകയായിരുന്നു. സർക്കാരിന്റെ കാലാവധി അവസാനിക്കാറായപ്പോഴാണ് വീണ്ടും സജീവമായത്. സർക്കാർ നാലരക്കോടി രൂപ അനുവദിച്ചതോടെയാണ് പദ്ധതിക്ക് ചിറക് മുളച്ചത്.  2022 സെപ്റ്റംബറിൽ യു.എൽ.സി.സി. എസ് പ്രവൃത്തി ആരംഭിച്ചു.  കേരളമാകെ പ്രധാന നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന ഊരാളുങ്കലിന്റെ ആസ്ഥാനം വടകരക്കടുത്ത മടപ്പള്ളിയിലാണ്. 


ഒന്നര വർഷം സമയമുണ്ടായിരുന്നെങ്കിലും അതിന് മുമ്പായി തന്നെ പണി പൂർത്തിയായി. ഏവരെയും ആകർഷിക്കുന്ന തരത്തിലാണ് കെട്ടിട നിർമാണം. എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്നവർ അനുഭവിച്ച പ്രയാസങ്ങൾ പഴങ്കഥയാവും.  അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയാണ് മനോഹരമായ കെട്ടിട സമുച്ചയം പൂർത്തീകരിച്ചത്. ശീതീകരിച്ച  14 അതിഥി മുറികളും 11 കിടക്കകളോട് കൂടിയ ഡോർമിറ്ററി, ശൗച്യാലയങ്ങൾ, ഓഫീസ്, കിണർ ഉൾപ്പെടെയുള്ളവ പുതിയ കെട്ടിടത്തോടൊപ്പമുണ്ട്. കളരിയുടെ നാടായ കടത്തനാട്ടെ ഈ പ്രമുഖ ക്ഷേത്രത്തിൽ പരമ്പരാഗത  കളരിയുടെ നിർമാണവും കാണാം.  കളരിയുടെ നാട്ടിൽ കളരിയുടെ മഹിമ വിളിച്ചോതുന്ന ചുമർ ചിത്രങ്ങളുമുണ്ട്. കടത്തനാടിന്റെ മെയ് വഴക്കങ്ങളെ വരുംതലമുറക്കായി കാത്തു സൂക്ഷിക്കാനിത് വഴി സാധിക്കും.  കളരിയും ലോകനാർകാവുമായി അഭേദ്യ  ബന്ധമാണുള്ളത്. പുകൾപെറ്റ ക്ഷേത്രമാണ് ലോകനാർകാവ് ക്ഷേത്രം. മൂന്ന് ക്ഷേത്രങ്ങളടങ്ങുന്ന സമുച്ചയമാണിത്. സമ്പന്നമായ ചിത്ര-ശിൽപ കലാപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന സാങ്കേതമാണ് ലോകനാർകാവ് ക്ഷേത്ര സമുച്ചയം. അതി മനോഹരമായ ചുവർ ചിത്രങ്ങളും ദാരു ശിൽപങ്ങളും ക്ഷേത്ര പ്രൗഢിയോടൊപ്പം കേരളീയ കല പാരമ്പര്യത്തിന്റെ തനിമയും മനോഹാരിതയും വിളംബരം ചെയ്യുന്നു. സന്ദർശകരുടെ അനുഭൂതിക്കും ഭാരതീയ സങ്കൽപങ്ങൾക്കും തുല്യപ്രാധാന്യം നൽകി അപൂർവമായ താളാത്മകതയോടെ രചിച്ചവയാണ് ചുവർ ചിത്രങ്ങൾ.


സൂക്ഷ്മമായ കരവിരുതും ഭാവനയും തികഞ്ഞ ദാരുശിൽപങ്ങൾ നൂറ്റാണ്ടുകൾ താണ്ടി പ്രൗഢിയോടെ പരിലസിക്കുന്നു. നവീകരിച്ച രണ്ട്  ചിറകളും പുതുക്കിപ്പണിത അഗ്രശാലയും സന്ദർശകരെ കാത്തിരിക്കുന്നു. 
െൈപതൃക ടൂറിസത്തിൽ ആറ് കോടി ഒമ്പത് ലക്ഷം രൂപയുടെ പ്രവൃത്തിയും പൂർത്തീകരിച്ചിട്ടുണ്ട്. ഇതിൽ ഊട്ടുപുര, വലിയ ചിറ, ചെറിയ ചിറ, തന്ത്രി മഠം, കാവ് സംരക്ഷണം എന്നിവയും പൂർത്തിയായിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്നവർക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 


ടൂറിസം പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് റെയിൽവേ സ്റ്റേഷനിൽ നിന്ന് ലോകനാർകാവിലേക്ക് പോകുന്ന ലിങ്ക് റോഡ് എന്ന ആശയം സാങ്കേതിക കാരണങ്ങളാൽ യാഥാർഥ്യമാക്കാനായില്ല. വടകരയുടെ സമീപ പ്രദേശങ്ങളിലെ ടൂറിസം സ്‌പോട്ടുകൾ ഉൾപ്പെടുത്തി പ്രതിദിന കണ്ടക്റ്റഡ് ടൂറുകൾ ഏർപ്പെടുത്തിയാൽ വൻ വിജയമാകുമെന്നതിൽ സംശയമില്ല. 
ഇരുപത് കോടിയിലേറെ ചെലവിലാണ് വടകര റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്. വടക്കൻ കേരളത്തിൽ അത്യാധുനിക ശൈലിയിൽ വികസിപ്പിക്കാൻ തെരഞ്ഞെടുത്ത് അഞ്ച് സ്റ്റേഷനുകളിലൊന്നാണ് വടകര. വിദൂര ദിക്കുകളിൽ നിന്നെത്തുന്ന യാത്രികർക്ക് അനുഗ്രഹമാവും റെയിൽവേ സ്റ്റേഷൻ ആധുനികവൽക്കരണം. 

Latest News