കാസര്‍കോട് - മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് അടക്കം മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം. സുരേന്ദ്രന് അടക്കമുള്ള ആറ് പ്രതികളും അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ ഹജരാകണമെന്നാണ് ഇപ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ മാസം 25നാണ് വിടുതല്‍ ഹര്‍ജി കോടതി പരിഗണിക്കുക. വാദം കേട്ടതിന് ശേഷമായിരിക്കും ഈ കേസ് ഒഴിവാക്കണമോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കുക. കഴിഞ്ഞ നാല് തവണയും കേസ് പരിഗണിച്ചപ്പോള്‍ കെ സുരേന്ദരന് അടക്കമുള്ള പ്രതികള്‍ ആരും തന്നെ കോടതിയില്‍ ഹാജരായിരുന്നില്ല. എന്തുകൊണ്ടാണ് ഹാജരാകാത്തതെന്ന് കോടതി കഴിഞ്ഞ തവണ ചോദിച്ചപ്പോള്‍ തങ്ങള്‍ വിടുതല്‍ ഹര്‍ജി നല്‍കുകയാണെന്നും അതുകൊണ്ടാണ് ഹാജരാകാത്തത് എന്നുമായിരുന്നു പ്രതികളുടെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞത്. കഴിഞ്ഞ നാലാം തീയതി വിടുതല്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട് വാദം നടന്നിരുന്നു. കേസ് അനധികൃതമായി കെട്ടിച്ചമച്ചതാണ്, അതുകൊണ്ട് തന്നെ ഇത് ഒഴിവാക്കണമെന്നാണ് സുരേന്ദ്രന്റെയും മറ്റ് പ്രതികളുടെയും അഭിഭാഷകര്‍ വാദിക്കുന്നത്. 25 ന് വാദം കേട്ടതിന് ശേഷമായിരിക്കും മഞ്ചേശ്വരം കോഴക്കേസിന്റെ തുടര്‍നടപടികളിലേക്ക് കോടതി കടക്കുക.