ടെല്‍അവീവ്- ഗാസയില്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ തുടക്കം മാത്രമാണെന്ന് ഇസ്രയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈ യുദ്ധം ഇസ്രയല്‍ ആഗ്രഹിച്ചതല്ല. യുദ്ധം ഇസ്രയലിന് മേല്‍ ക്രൂരമായി അടിച്ചേല്‍പ്പിക്കുകയായിരുന്നു. യുദ്ധം തുടങ്ങിയത് ഇസ്രയല്‍ അല്ലെങ്കിലും അവസാനിപ്പിക്കുന്നത് ഇസ്രയല്‍ ആയിരിക്കുമെന്നും രാജ്യത്തോട് നടത്തിയ അഭിസംബോധനയില്‍ നെതന്യാഹു പറഞ്ഞു.
യഹൂദ ജനത രാജ്യമില്ലാത്തവരായിരുന്നു. പ്രതിരോധം ഇല്ലാത്തവരായിരുന്നു. ഇനി അങ്ങനെ ആകില്ല. ആക്രമണം ചരിത്രപരമായ അബദ്ധമായിരുന്നു എന്ന ഹമാസ് മനസ്സിലാക്കുമെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയല്‍ ഇപ്പോള്‍ യുദ്ധത്തിന്റെ നടുവിലാണ്, ഞങ്ങള്‍ ഇപ്പോള്‍ ആരംഭിച്ചതേയുള്ളൂ. ഇസ്രയല്‍ ജനത കഠിനവും ഭയങ്കരവുമായ കാര്യങ്ങളിലൂടെ കടന്നുപോയതായി എനിക്കറിയാം. ഹമാസ് കടന്നുപോകുക അതിനേക്കാള്‍ കഠിനവും ഭയാനകവുമായ അവസ്ഥയിലേക്കാണ് നെതന്യാഹു പറഞ്ഞു.
നമ്മള്‍ പശ്ചിമേഷ്യയില്‍ മാറ്റം വരുത്താന്‍ പോകുകയാണ്. അതിനാല്‍ നിങ്ങള്‍ ഒപ്പം നില്‍ക്കണമെന്നും നെതന്യാഹു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇസ്രയലി പൗരന്മാരെ ആക്രമിക്കാന്‍ ഹമാസിനെ ഇനി അനുവദിക്കില്ലെന്നും, രാജ്യത്തെ പൗരന്മാരുടെ സുരക്ഷയ്ക്കായി എന്തു നടപടിയും സ്വീകരിക്കുമെന്നും ഇസ്രയല്‍ വിദേശകാര്യ വക്താവ് ലിയോര്‍ ഹയാത്ത് പറഞ്ഞു. ഇത്തവണ ഞങ്ങള്‍ ആരുമായും ചര്‍ച്ച നടത്തുന്നില്ല. ഞങ്ങള്‍ ഒരു യുദ്ധത്തിലാണ്, ഇത് ചര്‍ച്ചകള്‍ക്കും മധ്യസ്ഥതയ്ക്കും ഉള്ള സമയമല്ലെന്നും ഹയാത്ത് കൂട്ടിച്ചേര്‍ത്തു.