Sorry, you need to enable JavaScript to visit this website.

ഹമാസുകാര്‍ ഇപ്പോഴും ഇസ്രായലില്‍-ബെഞ്ചമിന്‍  നെതന്യാഹു, മരണ സംഖ്യ 1600 കടന്നു

ടെല്‍ അവീവ്- ഇസ്രായല്‍- ഹമാസ് സംഘര്‍ത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രായലികള്‍ക്കും 700 ഗാസ നിവാസികള്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം തുടര്‍ന്നാല്‍ ഇപ്പോള്‍ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ഹമാസുകാര്‍ ഇപ്പോഴും ഇസ്രായലില്‍ ഉണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെലിവിഷന്‍ അഭിസംബോധനയില്‍ സമ്മതിച്ചു. ഇപ്പോള്‍ ഗാസയില്‍ നടത്തിയ വ്യോമാക്രണങ്ങള്‍ തുടക്കം മാത്രമാണെന്നും നെതന്വാഹു ആവര്‍ത്തിച്ചു.
ഇതിനിടെ 11 അമേരിക്കന്‍ പൗരന്മാര്‍ ഹമാസ് ആക്രണത്തില്‍ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥിരീകരിച്ചു. ഹമാസ് ബന്ദികളാക്കിയവരില്‍ അമേരിക്കക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ല. ആക്രമത്തെ ശക്തമായി അപലപിച്ച ബൈഡന്‍, അമേരിക്ക ഇസ്രായലിനൊപ്പമാണെന്നും ആവശ്യമുള്ള എന്ത് സഹായവും ലഭ്യമാക്കുമെന്നും ആവര്‍ത്തിച്ചു.
ഇസ്രയല്‍ ഹമാസ് സംഘര്‍ഷത്തില്‍ സാധാരണ പൗരന്മാര്‍ കൊല്ലപ്പെടുന്നതില്‍ നടുക്കം രേഖപ്പെടുത്തി യുഎഇ. ഇസ്രയലി ഗ്രാമങ്ങളും നഗരങ്ങളും ജനവാസ കേന്ദ്രങ്ങളും റോക്കറ്റുകളുപയോഗിച്ച് ആക്രമിച്ച ഹമാസ് നടപടി സംഘര്‍ഷങ്ങളുടെ തീവ്രത കൂട്ടിയെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രയലിലെ സാധാരണക്കാരെ ഹമാസ് ബന്ദികളാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടലുണ്ടാക്കിയെന്നും പ്രസ്താവനയിലുണ്ട്. ചര്‍ച്ചകളിലേക്ക് മടങ്ങിപ്പോവുകയും, ശാശ്വത പരിഹാരം കാണലും മാത്രമാണ് പോംവഴിയെന്നാണ് യുഎഇ നിലപാട്. ചര്‍ച്ചകളുടെയും സഹകരണത്തിന്റെയും അന്തരീക്ഷം തകര്‍ക്കരുത്. മറ്റ് ഗ്രൂപ്പുകള്‍ ഇടപെട്ട് സംഘര്‍ഷം വലുതാക്കുന്നതും, മേഖലയാകെ അസ്ഥിരത പരുന്നത് ഒഴിവാക്കണമെന്നും യുഎഇ  ആവശ്യപ്പെട്ടു

Latest News