ഗാസ- രണ്ടു ദിവസത്തിലേറെയായി തുടരുന്ന യുദ്ധത്തിൽ ഇസ്രയേലിലും ഫലസ്തീനിലുമായി 1300 പേർ കൊല്ലപ്പെട്ടു. 800 പേർ ഇസ്രയേലിലും 500 പേർ ഫലസ്തീനിലുമാണ് കൊല്ലപ്പെട്ടത്. അമേരിക്കക്കാരായ ഒൻപത് പേരും കൊല്ലപ്പെട്ടു. ഇക്കാര്യം ന്യൂയോർക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലെബനോണിൽനിന്ന് ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയ തോക്കുധാരികളായ ആക്രമികളെ വധിച്ചതായി ഇസ്രയേൽ അറിയിച്ചു. ഫലസ്തീന് മേൽ ഇസ്രയേൽ സമ്പൂർണ ഉപരോധവും ഏർപ്പെടുത്തി. അതിനിടെ, ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 36 ഫലസ്തീൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരം ഗാസയിൽ ഹമാസ് തടവിലാക്കിയ ഇസ്രായേൽ പൗരൻമാരായ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നത് ചർച്ച ചെയ്യാൻ ഖത്തറിന്റെ നേതൃത്വത്തിൽ നീക്കം. ചർച്ച ഉടൻ നടത്തണമെന്ന് ഖത്തർ ആഹ്വാനം ചെയ്തു.
ഹമാസിന്റെയും ഇസ്രായേലിന്റെയും ഉദ്യോഗസ്ഥർ മധ്യസ്ഥ ചർച്ചകളിൽ പങ്കാളിത്തം വഹിക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം റോയിട്ടേഴ്‌സിനോട് സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രി മുതൽ അമേരിക്കയുടെ കൂടി ഏകോപനത്തോടെയാണ് ചർച്ചകൾക്കായി ഖത്തർ മുന്നിട്ടിറങ്ങിയത്. 'ഞങ്ങൾ ഇപ്പോൾ എല്ലാ കക്ഷികളുമായും നിരന്തരം സമ്പർക്കം പുലർത്തുന്നു. രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കുക, തടവുകാരെ മോചിപ്പിക്കുക എന്നിവയാണ് ഞങ്ങളുടെ മുൻഗണനകൾ- വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ-അൻസാരി റോയിട്ടേഴ്സിനോട് പറഞ്ഞു. അതേസമയം, ചർച്ചകളൊന്നും നടക്കുന്നില്ലെന്നാണ് ഇസ്രയേൽ ഉദ്യോഗസ്ഥർ പ്രതികരിച്ചത്. എന്നാൽ ചർച്ചകളിൽ ഒരു പുരോഗതിയും ഇല്ല എന്നാണ് റിപ്പോർട്ട്.
ഗാസയിൽ തടവിലാക്കിയ ഇസ്രായേലി ബന്ദികളുടെ എണ്ണവും വ്യക്തമല്ല, എന്നാൽ ശനിയാഴ്ച ഹമാസ് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും സൈനികരെയും പിടികൂടിയതായാണ് അനുമാനം.