18 വര്‍ഷം നീണ്ട കേസ്; ഒടുവില്‍ സൗദി ഉല്‍പന്നത്തിന്റെ അധിക നികുതി ഇന്ത്യ ഒഴിവാക്കി

റിയാദ്- സൗദി അറേബ്യന്‍ ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ (സാബിക്) ഉല്‍പാദിപ്പിച്ച് കയറ്റി അയക്കുന്ന കാസ്റ്റിക് സോഡക്ക് ബാധകമാക്കിയ അധിക നികുതി (ആന്റി ഡംപിംഗ് നികുതി) ഒഴിവാക്കിയതായി ഇന്ത്യ അറിയിച്ചു. സൗദി കയറ്റുമതി നേരിട്ട ഏറ്റവും പഴയ ഡംപിംഗ് കേസുകളില്‍ ഒന്നാണിത്. പതിനെട്ടു വര്‍ഷം മുമ്പാണ് ഈ കേസ് ഉയര്‍ന്നു വന്നത്. രണ്ടായിരാമാണ്ട് ഡിസംബര്‍ ഒന്നിനാണ് സൗദി കാസ്റ്റിക് സോഡ ഇറക്കുമതിക്കെതിരെ ഇന്ത്യ ആന്റി ഡംപിംഗ് അന്വേഷണം ആരംഭിച്ചത്. ആവശ്യത്തില്‍ കൂടുതല്‍ ഉല്‍പന്നം കുറഞ്ഞ നിരക്കില്‍ പ്രാദേശിക വിപണിയില്‍ തള്ളി പ്രാദേശിക ഉല്‍പാദകരെ പ്രതിസന്ധിയിലാക്കി എന്ന ആരോപണത്തിലാണ് അന്വേഷണം നടന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സൗദി ഉല്‍പന്നത്തിന് ഒരു ടണ്ണിന് 130.6 ഡോളര്‍ തോതില്‍ 2001 ജൂണ്‍ 26 ന് അധിക നികുതി ചുമത്തുകയും ചെയ്തു.
ഈ കേസ് 2011 സെപ്റ്റംബര്‍ രണ്ടിന് രണ്ടാമത് പുനഃപരിശോധിച്ചപ്പോഴും സൗദി ഉല്‍പന്നത്തിനുള്ള അധിക നികുതി തുടരുന്നതിന് ഇന്ത്യന്‍ അന്വേഷണ കമ്മിറ്റി ശുപാര്‍ശ ചെയ്തു. 2017 നവംബര്‍ 20ന് നടന്ന മൂന്നാമത് പുനഃപരിശോധനയില്‍ സൗദി സംഘം പങ്കെടുക്കുകയും സാബിക് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയും നിയമപരമായ എതിര്‍വാദങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ടണ്ണിനുള്ള അധിക നികുതി 130.6 ഡോളറില്‍ നിന്ന് 16.24 ഡോളറായി ഇന്ത്യ കുറച്ചു. സാബിക്കിന്റെ കാസ്റ്റിംഗ് സോഡക്ക് അധിക നികുതി ചുമത്തുന്നത് തുടരേണ്ടതില്ലെന്ന് അന്വേഷണ കമ്മിറ്റി ശുപാര്‍ശ ചെയ്തതായി 2018 ഓഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ അന്തിമ റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ വാണിജ്യ, വ്യവസായ മന്ത്രാലയത്തിനു കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡംപിംഗ് അറിയിച്ചു.

 

Latest News