Sorry, you need to enable JavaScript to visit this website.

പോലീസ് സ്‌ക്വാഡെന്ന വ്യാജേന പരിശോധിച്ച് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റില്‍

മുവാറ്റുപുഴ- ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന യുവാക്കളെ പോലീസ് സ്‌ക്വാഡ് എന്ന വ്യാജേന എത്തി ബാഗ് പരിശോധിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. മുവാറ്റുപുഴ മുളവൂര്‍ പെരുമറ്റം കുളുമാരി ഭാഗത്ത് താമസിക്കുന്ന തൊടുപുഴ താലൂക്ക് വെങ്ങല്ലൂര്‍ സ്വദേശി ചേനക്കരകുന്നേല്‍ നിപുന്‍ അബ്ദുല്‍ അസീസ് (അപ്പു- 34), മുളവൂര്‍ വില്ലേജ് പേഴക്കാപ്പിള്ളി കരയില്‍ പള്ളിചിരങ്ങര ഭാഗത്ത് പാലത്തിങ്കല്‍  അര്‍ഷാദ് അലിയാര്‍ (45) എന്നിവരെയാണ്  മുവാറ്റുപുഴ ഇന്‍സ്പെക്ടര്‍ പി. എം. ബൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 

പ്രതികളില്‍ ഒരാളായ നിബുന്‍ തൊടുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് റിമാന്‍ഡ് ആയി ജാമ്യം ലഭിച്ച് ജയിലില്‍ നിന്നിറങ്ങിയ അന്നുതന്നെയാണ് സംഭവം. നിബുനെതിരെ നിലമ്പൂര്‍, ധര്‍മടം, തൊടുപുഴ, മുവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളില്‍ നിരവധി മോഷണ, പിടിച്ചുപറി കേസുകള്‍ നിലവില്‍ ഉണ്ട്.

അര്‍ഷാദിനെതിരെ മുവാറ്റുപുഴ സ്റ്റേഷനില്‍ നിരവധി മോഷണ, അടിപിടി കേസുകള്‍ ഉണ്ട്. പ്രതികളെ വൈദ്യപരിശോധനകള്‍ക്കുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഡി. വൈ. എസ്. പി മുഹമ്മദ് റിയാസിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്. ഐ. മാഹീന്‍ സലിം, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പി. സി. ജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയന്‍, ബിബില്‍ മോഹന്‍ എന്നിവരും ഉണ്ടായിരുന്നു.

Latest News