Sorry, you need to enable JavaScript to visit this website.

കാപ്പ അസാധു; ആകാശ് തില്ലങ്കേരി ജയില്‍ മോചിതനായി

കണ്ണൂർ - സ്വർണ്ണക്കടത്ത് കേസ് പ്രതി ആകാശ് തില്ലങ്കേരി ജയിൽ മോചിതനായി. ആകാശ് തില്ലങ്കേരിയുടെ പേരിൽ ചുമത്തിയ കാപ്പ അസാധുവാണെന്ന് കാപ്പ ഉപദേശക സമിതി കണ്ടെത്തിയതിനെ തുടർന്ന് വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്ന ആകാശിനെ വിട്ടയക്കുകയായിരുന്നു.  ആകാശിനെതിരേ കാപ്പ ചുമത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നൽകിയിരുന്നു.  കാപ്പ ചുമത്തി ആകാശിനെ തടങ്കലിൽ പാർപ്പിച്ചത് പരിശോധിച്ച ഉപദേശക സമിതി, കാപ്പ ചുമത്താനുളള കുറ്റം പ്രതി ചെയ്തിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ജയിലിൽ കഴിയുന്നതിനിടെ, വിയ്യൂർ സെൻട്രൽ ജയിലിൽ ജയിലറെ മർദിച്ചെന്ന കേസിലും പ്രതിയായതോടെയാണ് ആകാശിനെ വീണ്ടും കാപ്പ ചുമത്തി സെപ്തംബർ പതിമൂന്നിന് അറസ്റ്റ് ചെയ്തത്. എന്നാൽ ജയിലറെ മർദ്ദിച്ച കേസ് കാപ്പ ചുമത്താൻ പര്യാപ്തമല്ലെന്ന് കാപ്പ ഉപദേശക സമിതി വിലയിരുത്തി.

           ജയിൽ മോചിതനായി വീട്ടിൽ മകളുടെ പേരിടൽ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് മുഴക്കുന്ന് പോലീസ് ആകാശിനെ കസ്റ്റഡിയിലെടുത്തത്.  പേരിടൽ ചടങ്ങിനിടെ പോലീസ് വാഹനം കണ്ട് ആകാശ് കാര്യം തിരക്കാനായി വാഹനത്തിന്റെ അടുത്തെത്തുകയും, തുടർന്ന് പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതോടെ വീട്ടിൽ ചടങ്ങിനെത്തിയിരുന്ന ബന്ധുക്കളടക്കം സ്റ്റേഷന് മുന്നിലെത്തി ബഹളം ഉണ്ടാക്കുകയും ചെയ്തു. കാപ്പ ചുമത്തിയതിനെതിരെ കുടുംബം മുഖ്യമന്ത്രിക്കും പരാതി നൽകുകയും ചെയ്തു.   യൂത്ത് കോൺഗ്രസ് നേതാവ് മട്ടന്നൂരിലെ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതോടെയാണ് ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി ആദ്യം ജയിലിൽ അടച്ചത്. നേരത്തെ സി.പി.എം സൈബർ സംഘത്തിലെ പ്രധാനിയായിരുന്ന ആ കാശ്, പി.ജെ. ആർമിയുടെ സംഘാടകരിൽ ഒരാൾ കൂടിയായിരുന്നു.

Latest News