Sorry, you need to enable JavaScript to visit this website.

വാലിനെ എങ്ങനെ കാക്കാം, ഇതാ കോഹ്‌ലിയുടെ പാഠം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ വിരാട് കോഹ്‌ലിയുടെ മാസ്മരിക സെഞ്ചുറിയില്‍ മതിമറന്നു നില്‍ക്കുകയാണ് ക്രിക്കറ്റ് ലോകം. എന്നാല്‍ ഇന്ത്യന്‍ വാലറ്റത്തെ ക്യാപ്റ്റന്‍ സംരക്ഷിച്ച രീതി അതുല്യമായി. അവസാന മൂന്നു വിക്കറ്റില്‍ ഇന്ത്യ നേടിയത് 105 റണ്‍സാണ്, അതില്‍ മുഹമ്മദ് ഷാമിയുടെയും ഇശാന്ത് ശര്‍മയുടെയും ഉമേഷ് യാദവിന്റെയും മൊത്തം സംഭാവന എട്ട് റണ്‍സായിരുന്നു. കോഹ്‌ലിയുടെ 149 കഴിഞ്ഞാല്‍ ഇന്ത്യന്‍ സ്‌കോര്‍ കാര്‍ഡില്‍ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ 26 റണ്‍സാണ്. 
ഇന്ത്യയുടെ 9, 10, 11 നമ്പര്‍ ബാറ്റ്‌സ്മാന്മാര്‍ നേരിട്ടതിന്റെ 3.1 ഇരട്ടി പന്ത് കോഹ്‌ലി നേരിട്ടു. 2001 നു ശേഷം വാലറ്റത്തോടൊപ്പം 100 പന്തെങ്കിലും കളിച്ചവരില്‍ ഏറ്റവും മികച്ച റെക്കോര്‍ഡാണ് ഇത്. അവസാന മൂന്നു വിക്കറ്റില്‍ പിറന്ന 105 റണ്‍സില്‍ തൊണ്ണൂറ്റഞ്ചും കോഹ്‌ലിയുടെ ബാറ്റില്‍ നിന്നായിരുന്നു. 
2014 ലെ പരമ്പരയില്‍ തന്റെ അന്തകനായിരുന്ന ജെയിംസ് ആന്‍ഡേഴ്‌സനില്‍ നിന്ന് മറ്റൊരു കനത്ത പരീക്ഷണം നേരിട്ട ശേഷമാണ് ഈ തിരിച്ചടിയെന്നത് കോഹ്‌ലിയുടെ ഇന്നിംഗ്‌സിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു. ആന്‍ഡേഴ്‌സനില്‍ നിന്ന് നേരിട്ട 43 പന്തില്‍ രണ്ട് സ്‌കോറിംഗ് ഷോട്ടുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്, രണ്ടും എഡ്ജായിരുന്നു. 21 ലുള്ളപ്പോള്‍ ആന്‍ഡേഴ്‌സന്റെ പന്തില്‍ കോഹ്‌ലിയെ സ്ലിപ്പില്‍ ഡേവിഡ് മലന്‍ കൈവിടുകയും ചെയ്തു. കോഹ്‌ലിയെ മലനും ഹാര്‍ദിക് പാണ്ഡ്യയെ അലസ്റ്റര്‍ കുക്കും തുടര്‍ച്ചയായ പന്തുകളിള്‍ കൈവിട്ടില്ലായിരുന്നുവെങ്കില്‍ ഏഴിന് 100 ലേക്ക് തകര്‍ന്നിട്ടുണ്ടാവുമായിരുന്നു ഇന്ത്യ. അതിനു ശേഷം എജ്ബാസ്റ്റണ്‍ കണ്ടത് കോഹ്‌ലിയുടെ കരിയറിലെ മിന്നുന്ന നിരവധി ഇന്നിംഗ്‌സുകളില്‍ എന്തുകൊണ്ടും മുന്‍പന്തിയിലുള്ള സെഞ്ചുറിക്കാണ്.
 

Latest News