Sorry, you need to enable JavaScript to visit this website.

സര്‍ക്കാര്‍ കീഴടങ്ങി; ജസ്റ്റിസ് കെ.എം. ജോസഫിന്റെ നിയമന ശുപാര്‍ശ അംഗീകരിച്ചു

 ന്യൂദല്‍ഹി- ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഇതു സംബന്ധിച്ച ഫയലുകള്‍ നിയമ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയതായാണ് സൂചന.
 
സര്‍ക്കാരിനും ജുഡീഷ്യറിക്കും ഇടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടയാക്കിയ ശുപാര്‍ശയിലാണ് കേന്ദ്രസര്‍ക്കാര്‍ വഴങ്ങിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ആദ്യം തിരിച്ചയച്ച ശുപാര്‍ശയില്‍ കൊളീജിയം ഉറച്ചു നിന്നതിനെ തുടര്‍ന്നാണ് കേന്ദ്രത്തിനു മറുവഴി ഇല്ലാതായത്.
 
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശയ്ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. മറ്റു ജഡ്ജിമാരെ ശുപാര്‍ശ ചെയ്തതിലൂടെ പ്രാദേശിക പ്രാതിനിധ്യമെന്ന അഭിപ്രായത്തോട് കൊളീജിയം യോജിച്ചുവെന്നും അതുകൊണ്ടാണ് ജസ്റ്റിസ് ജോസഫിന്റെ ശുപാര്‍ശ അംഗീകരിക്കുന്നതെന്നുമാണ് വിശദീകരണം. 
 
ജനുവരിയിലാണ് ജസ്റ്റിസ് കെ.എം.ജോസഫിനെയും മുതിര്‍ന്ന അഭിഭാഷകയായ ഇന്ദു മല്‍ഹോത്രയേയും സുപ്രീംകോടതി ജഡ്ജിമാരാക്കാന്‍ കോളീജിയം ശുപാര്‍ശ ചെയ്തത്. ഏപ്രിലില്‍ ഇന്ദു മല്‍ഹോത്രയുടെ പേര് അംഗീകരിച്ച സര്‍ക്കാര്‍ കെ.എം ജോസഫിനെ തഴയുകയായിരുന്നു.
 
2016-ല്‍ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ കെ.എം.ജോസഫ് തടഞ്ഞതാണ് അദ്ദേഹത്തെ തഴഞ്ഞതിന് പിന്നിലെന്നായിരുന്നു ആരോപണം. എന്നാല്‍ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹം മറ്റു ജഡ്ജിമാരേക്കാള്‍ പിന്നിലാണെന്നും സീനിയോറിറ്റിയും അര്‍ഹതയും പരിഗണിക്കാതെയാണ് അദ്ദേഹത്തെ ശുപാര്‍ശ ചെയ്തതെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.
 
ഇതേത്തുടര്‍ന്നാണ് ജസ്റ്റിസ് കെ.എം ജോസഫിനോടൊപ്പം ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരെക്കൂടി കൊളീജിയം നിര്‍ദേശിച്ചത്. സീനിയോറിറ്റി നിര്‍ദേശം കൊളീജിയം അംഗീകരിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങുകയായിരുന്നു.
 

Latest News