Sorry, you need to enable JavaScript to visit this website.

അഫ്ഗാന്‍ ഭൂകമ്പത്തില്‍ മരണം 2000 കവിഞ്ഞു, സഹായിക്കാന്‍ ആരുമില്ല

കാബൂള്‍- പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായിരത്തിലധികമായെന്ന് താലിബാന്‍ അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച ഹെറാത്ത് നഗരത്തിന് 40 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. തുടര്‍ന്ന് അയല്‍ പ്രവിശ്യകളായ ബാദ്ഗിസ്, ഫറ എന്നിവിടങ്ങളിലും ശക്തമായ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു.
താലിബാന്‍ സര്‍ക്കാരിനെ ലോകത്തെ പല രാജ്യങ്ങളും അംഗീകരിക്കാത്തതിനാല്‍ ദുരന്തത്തിലും സഹായഹസ്തങ്ങളില്ലാതെ നിസ്സഹായരായിരിക്കുകയാണ് അഫ്ഗാനിലെ ജനങ്ങള്‍. പ്രകമ്പനം കുറഞ്ഞത് 12 ഗ്രാമങ്ങളെയെങ്കിലും തകര്‍ത്തതായും ഞായറാഴ്ച ഉച്ചവരെ മരണസംഖ്യ 2,053 ആയി കണക്കാക്കുന്നതായും അഫ്ഗാനിസ്ഥാന്‍ ദുരന്ത നിവാരണ അതോറിറ്റി വക്താവ് ജനന്‍ സയീഖ് പറഞ്ഞു. ഭൂകമ്പത്തില്‍ 1,200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും 1,300 ലധികം വീടുകള്‍ തകരുകയും ചെയ്തതായും സര്‍ക്കാര്‍ പറഞ്ഞു. ഭൂരിഭാഗം ആളുകളും ഇപ്പോഴും തകര്‍ന്ന വീടുകളില്‍ തുടരുകയാണെന്ന് സയീഖ് പറഞ്ഞു. ഇരകളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഖത്തര്‍ ആസ്ഥാനമായുള്ള താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീനും ഇതേ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാന്‍ റെഡ് ക്രസന്റ് സൊസൈറ്റി നേരത്തെ 500 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. രക്ഷാപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും കൂടുതല്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ എത്തിയതോടെ മരണസംഖ്യ അവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശോധന തുടരുന്നതിനാല്‍ എണ്ണം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി വക്താവ് പറഞ്ഞു.

ഹെറാത്ത് നിവാസികളില്‍ 80 ശതമാനവും ഭൂകമ്പത്തെ തുടര്‍ന്ന് പലായനം ചെയ്തതായി അഭയാര്‍ഥി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. പ്രവിശ്യയില്‍ ഏകദേശം 1.9 ദശലക്ഷം ആളുകള്‍ താമസിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

അഫ്ഗാനിസ്ഥാനിലെ ലോകാരോഗ്യ സംഘടനയുടെ യൂണിറ്റ് ശനിയാഴ്ച ഹെറാത്തിലെ കനത്ത നാശനഷ്ടമുണ്ടായ ജില്ലകളിലേക്ക് 12 ആംബുലന്‍സുകള്‍ അയച്ചു. എന്നാല്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല. മണ്ണും കല്ലും കൊകൊണ്ട് നിര്‍മിച്ച ദുര്‍ബലമായ വീടുകളാണ് ഇവിടെയുള്ളത്.

ഒരു വര്‍ഷത്തിനിടെ അഫ്ഗാനിസ്ഥാനില്‍ അനുഭവപ്പെടുന്ന രണ്ടാമത്തെ വലിയ ഭൂചലനമാണ് ശനിയാഴ്ചത്തെ ഭൂചലനം. 2022 ജൂണില്‍ രാജ്യത്തിന്റെ തെക്കുകിഴക്ക് 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 1,000ലധികം ആളുകള്‍ കൊല്ലപ്പെടുകയും 1,600 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

Latest News