കണ്ണൂർ- റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ എന്ന മുദ്രാവാക്യവുമായി യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രക്ഷോഭ പരിപാടികൾ വിജയിപ്പിക്കാൻ മുസ്ലിം ലീഗ് ജില്ലാ പ്രവർത്തകസമിതി യോഗം തീരുമാനിച്ചു. യു.ഡി.എഫ് മേഖല-മുനിസിപ്പൽ-പഞ്ചായത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഈ മാസം 10 മുതൽ 15 വരെ നടത്തുന്ന പദയാത്രകൾ വൻ വിജയമാക്കി മാറ്റാൻ യോഗം കീഴ്ഘടകങ്ങളോട് ആഹ്വാനംചെയ്തു.
ഒക്ടോബർ18 ന് നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിൽ ജില്ലയിൽ നിന്ന് പരമാവധി മുസ്ലിം ലീഗ് പ്രവർത്തികരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ടി. സഹദുല്ല സ്വാഗതം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ഒക്ടോബർ 21ന് കലക്ടറേറ്റിനുമുന്നിൽ ജനപ്രതിനിധികളുടെ ധർണാസമരം നടത്താൻ യോഗം തീരുമാനിച്ചു. ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂർ, അഡ്വ. കെ.എ. ലത്തീഫ്, വി.പി. ബമ്പൻ, അഡ്വ. എസ്. മുഹമ്മദ്, കെ.പി. താഹിർ, കെ.വി. മുഹമ്മദലി ഹാജി, ഇബ്രാഹിം കുട്ടിതിരുവട്ടൂർ, ടി.എ. തങ്ങൾ, അൻസാരി തില്ലങ്കേരി, സി.കെ. മുഹമ്മദ്, എം.പി. മുഹമ്മദലി, മഹമൂദ് അള്ളാംകുളം, ടി.പി. മുസ്തഫ, എൻ.കെ. റഫീഖ്, പി.കെ. സുബൈർ, ബി.കെ. അഹമ്മദ് എന്നിവർ സംസാരിച്ചു.