Sorry, you need to enable JavaScript to visit this website.

വ്യഭിചാരത്തിന് പുരുഷനെ മാത്രം ശിക്ഷിക്കുന്നത് അവകാശ ലംഘനം -സുപ്രീം കോടതി

ന്യൂദല്‍ഹി- വ്യഭിചാരത്തിന് പുരുഷനെ മാത്രം കുറ്റക്കാരനായി കണ്ട് ശിക്ഷിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നു സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. ജസ്റ്റിസുമാരായ ആര്‍.എഫ്.നരിമാന്‍, എ.എം.ഖന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
ജോസഫ് ഷൈന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. എല്ലാ പൗരന്മാര്‍ക്കും തുല്യത ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിനെതിരാണു പുരുഷനെ മാത്രം കുറ്റവാളിയായിക്കാണുന്ന രീതിയെന്നു കോടതി ചൂണ്ടിക്കാട്ടി. നിലവിലെ നിയമം വിവാഹിതരായ പുരുഷനും സ്ത്രീക്കും വ്യത്യസ്ത പരിഗണനയാണ് നല്‍കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഭര്‍തൃമതിയായ സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്‍ നിയമനടപടികള്‍ക്ക് വിധേയനാവുകയും കൃത്യത്തില്‍ തുല്യപങ്കാളിയായ സ്ത്രീയെ വെറുതെവിടുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് പൊതുതാല്‍പര്യ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വൈവാഹിക ജീവിതത്തിലെ വിശ്വസ്തത സ്ത്രീക്കും പുരുഷനും ഒരു പോലെ ബാധകമാണ്.
പുരുഷനെ കുറ്റവാളിയായും സ്ത്രീയെ ഇരയായും കാണുന്നത് യുക്തിപരമല്ല.
സ്ത്രീ പുരുഷന്റെ സ്വത്തല്ലെന്നും കോടതി പറഞ്ഞു. തുല്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നതിന്റെ പേരില്‍ വിവാഹേതര ബന്ധത്തെ കുറ്റകൃത്യമായി പരിഗണിക്കാതിരിക്കുകയാണെങ്കില്‍ സ്ത്രീയേയും പുരുഷനെയും ശിക്ഷിക്കാനാവില്ല. എന്നാല്‍ വിവാഹബന്ധം വേര്‍പെടുത്തുന്നതിനും മറ്റു സിവില്‍ നടപടികള്‍ക്കും വ്യഭിചാരം ഒരു കാരണമായി പരിഗണിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
വിവാഹേതര ബന്ധം കുറ്റകൃത്യമാക്കുന്ന വകുപ്പ് എടുത്തുകളഞ്ഞാല്‍ അത് വിവാഹം എന്ന സ്ഥാപനത്തിന്റെ നിലനില്‍പ്പിനെ കാര്യമായി ബാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. വിവാഹത്തിന്റെ പരിശുദ്ധി നിലനിര്‍ത്താനും അതിനെ സംരക്ഷിക്കാനുമായാണ് ഇത്തരമൊരു വകുപ്പ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതെന്നും അത് ഇന്ത്യന്‍ സമൂഹത്തിന്റെ സവിശേഷ ഘടനയ്ക്കും സംസ്‌കാരത്തിനും അനിവാര്യമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

 

Latest News