കോഴിക്കോട്- എസ്.ഹരീഷിന്റെ വിവാദ നോവല്‍ മീശ പുറത്തിറങ്ങി രണ്ടു ദിവസത്തിനുള്ളില്‍ കോപ്പികളെല്ലാം വിറ്റു തീര്‍ന്നു. ബുധനാഴ്ചയാണ് മീശ'സമ്പൂര്‍ണ നോവല്‍ കേരളത്തില്‍ പുറത്തിറങ്ങിയത്. പുറത്തിറക്കിയ അയ്യായിരം കോപ്പികളാണ് വ്യാഴാഴ്ച ഉച്ചയോടെ പൂര്‍ണമായും വിറ്റഴിഞ്ഞത്. ഒന്നര ദിവസം കൊണ്ട് ഇത്രയധികം കോപ്പികള്‍ വിറ്റഴിഞ്ഞതോടെ ഇന്ന് വീണ്ടും അയ്യായിരം കോപ്പികളാണ് വിപണിയിലെത്തുന്നത്. അപൂര്‍വം മലയാള പുസ്തകങ്ങള്‍ക്ക് മാത്രമാണ് ഇങ്ങനെ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂര്‍ണമായും വില്പനയുണ്ടായതെന്ന് ഡി.സി ബുക്‌സ് പബ്ലിക്കേഷന്‍ മാനേജര്‍ എ.വി.ശ്രീകുമാര്‍ മലയാളം ന്യൂസിനോട് പറഞ്ഞു.
മീശയെപ്പോലെ തന്നെ പുറത്തിറങ്ങും മുമ്പ് വിവാദമായ ആകാശവാണി സംപ്രേഷണം ചെയ്ത കിങ്ങിണിക്കുട്ടന്‍ എന്ന നാടകമുള്ള എസ്.രമേശന്‍ നായരുടെ നാടക സമാഹാരമാണ് ഇതിന് മുന്‍പ് ഇത്രയും കോപ്പികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിറ്റഴിഞ്ഞ ഡി.സി ബുക്‌സ് പുറത്തിറക്കിയ മലയാള കൃതികളിലൊന്ന്. മൂന്നു ദിവസത്തിനുള്ളില്‍ 16,000 കോപ്പികളാണ് ഇത് വിറ്റഴിഞ്ഞത്. ഈ നാടകത്തിലെ കഥാപാത്രമായ കിങ്ങിണിക്കുട്ടന് മുഖ്യമന്ത്രി കെ.കരുണാകരന്റെ മകനായ കെ.മുരളീധരനോട് സാമ്യതയുണ്ടെന്നുള്ളതായിരുന്നു നാടകം വിവാദമാകുവാന്‍ അന്ന് കാരണമായത്. മാതാ അമൃതാനന്ദമയീ ദേവിയുടെ ശിഷ്യയായ വിദേശ വനിത ഗെയ്ല്‍ ട്രെഡ്‌വെല്ലുമായി കൈരളി ടി.വി എം.ഡി ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം പുസ്തക രൂപത്തിലാക്കിയ 'അമൃതാനന്ദമയീ മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തല്‍' എന്ന പുസ്തകവും ഇറങ്ങുന്നതിന് മുന്‍പേ വിവാദമാകുകയും ഒരാഴ്ചക്കുള്ളില്‍ 20,000 കോപ്പികള്‍ ചെലവായതുമാണ്. ഇതിനു ശേഷം മീശ എന്ന നോവലാണ് ഇത്രയും പെട്ടെന്ന് വിറ്റഴിഞ്ഞത്.
മാതൃഭൂമി വാരികയില്‍ ഖണ്ഡശ പ്രസിദ്ധീരിച്ചു തുടങ്ങി മൂന്നാം അധ്യായത്തിലെത്തിയപ്പോഴേക്കും നോവലിലെ ചില പരാമര്‍ശത്തെ തുടര്‍ന്ന് മീശ വിവാദമാകുകയായിരുന്നു. പിന്നീട് നോവലിസ്റ്റിനും കുടുംബത്തിനുമെതിരെ വ്യാപക സൈബര്‍ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് എസ്.ഹരീശ് നോവല്‍ പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് സാംസ്‌കാരിക കേരളവും മുഖ്യമന്ത്രി പിണറായി വിജയനുമടക്കമുള്ളവര്‍ പിന്തുണയുമായി രംഗത്തു വന്നതോടെ നോവലിസ്റ്റ് നോവല്‍ പുസ്തക രൂപത്തില്‍ പൂര്‍ണമായി പ്രസിദ്ധീകരിക്കുകയായിരുന്നു.
നോവല്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ ദേശീയ തലത്തില്‍ തന്നെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ഏറെ ചര്‍ച്ചയാകുകയും നോവലിനെതിരെ സുപ്രീം കോടതില്‍ ഇന്നലെ സമര്‍പ്പിച്ച ഹരജിയില്‍, കോടതി ആവിഷ്‌കാര സ്വാതന്ത്ര്യമായി കണ്ടുകൂടേയെന്ന പരാമര്‍ശവും നടത്തി, വിശദമായ വാദത്തിനായി കേസ് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ പണം കൊടുത്ത് നോവല്‍ വാങ്ങിയ ശേഷം ഡി.സി ബുക്‌സിന്റെ തിരുവനന്തപുരം സ്റ്റാച്യൂവിലെ ബ്രാഞ്ചിന് മുന്നില്‍ വെച്ച് മണ്ണെണ്ണയൊഴിച്ച് കത്തിക്കുക പോലും ചെയ്ത സന്ദര്‍ഭത്തിലാണ് നോവലിന്റെ പുറത്തിറക്കിയ കോപ്പികളൊന്നാകെ വില്‍പനയായിരിക്കുന്നത്. 299 രൂപയാണ് മീശ നോവലിന്റെ ഒറ്റ പ്രതിയുടെ വില.