ജയ്പൂര്‍ - സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ രാജസ്ഥാനില്‍ ജീവനൊടുക്കി. പ്രതാപ്ഗഡ് ജില്ലയിലെ ഘണ്ടാലി മേഖലയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളും ബന്ധുക്കളുമായ 16 വയസുള്ള പെണ്‍കുട്ടികളാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. ബന്ധുക്കളായ പെണ്‍കുട്ടികള്‍ ഒരേ ക്ലാസിലായിരുന്നു പഠിച്ചിരുന്നത്. ഇവരെ ഇതേ ക്ലാസിലെ നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡിപ്പിക്കപ്പെട്ടതിലും പ്രതികളുടെ ഭീഷണിയിലും മനം നൊന്താണ് പെണ്‍കുട്ടികള്‍ ജീവനൊടുക്കിയതെന്ന് ഘണ്ടാലി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ ഒളിവിലാണെന്നും ഇയാളെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതിന് തൊട്ടുപിന്നാലെ ഒരു പ്രതി നാടുവിട്ടുവെന്നും ഇയാളെ ഉടനെ പിടികൂടുമെന്നും വിഷം കഴിച്ച് മരിച്ച പെണ്‍കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു.