Sorry, you need to enable JavaScript to visit this website.

ബാങ്കിനെ എങ്ങിനെയും ഒതുക്കാം,  ഈ 'നിപ്പന'ാണ് പുലിവാല് 

കേരളത്തിൽ തലങ്ങും വിലങ്ങും ഓടുകയാണ് രണ്ടു വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടികൾ. രണ്ടിലും നിറയെ യാത്രക്കാരുമുണ്ട്. മറ്റു ട്രെയിനുകളെ പിടിച്ചിട്ടാണ് വന്ദേഭാരത് സമയത്തിനെത്തുന്നത്. സാധാരണ ട്രെയിനിന്റെ അഞ്ചും ആറും ഇരട്ടി യാത്രാ നിരക്കുള്ളതിനാൽ സാധാരണക്കാർ ഈ ട്രെയിനിലെ യാത്രയെ കുറിച്ച് ചിന്തിക്കേണ്ടതില്ല. എന്നാൽ അത്യാവശ്യഘട്ടത്തിൽ ആർക്കും ഉപകരിക്കുന്ന ഇത്തരമൊരു സൗകര്യം കേരളത്തിന് അനുഗ്രഹമാണെന്നതിൽ തർക്കമില്ല. എല്ലാവരും ആശ്രയിക്കുന്ന എക്‌സ്പ്രസ് ട്രെയിനുകളെയാണ് വന്ദേഭാരതിന് പാതയൊരുക്കാൻ മണിക്കൂറോളം പിടിച്ചിടുന്നത്. തിരൂരിൽ സ്‌റ്റോപ്പ് അനുവദിച്ചതിന്റെ ആവേശവും യാത്രക്കാരുടെ പ്രകടനത്തിൽ വ്യക്തമാണ്. തിരൂരിൽനിന്ന് അര മണിക്കൂറിൽ താഴെ സമയമെടുത്താൽ എത്തുന്ന കോഴിക്കോട്ടേക്ക് 660 രൂപയാണ് നിരക്ക്. എന്നിട്ടും ഇതേ സെക്ടറിൽ ദിവസങ്ങളോളം സീറ്റ് ഒഴിവില്ല. കേരളത്തിലൊടുന്ന രണ്ടാമൻ മാത്രമാണ് ഓറഞ്ച് നിറത്തിലുള്ളത്. ഇത് കാവിയാണെന്ന് ചില ദുഷ്ടന്മാർ തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് ഓറഞ്ച് നിറം നൽകിയതെന്നും ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് റെയിൽവേ മന്ത്രി അശ്വിൻ വൈഷ്ണവ് പറയുന്നത്. ഏതായാലും  പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ച ശേഷം രണ്ടു പ്രാവശ്യം മലബാർ പ്രദേശത്ത് സ്റ്റോപ്പില്ലാത്തിടത്ത് നിർത്തേണ്ടി വന്നു. പട്ടാമ്പിക്കടുത്ത പള്ളിപ്പുറത്തും തിരുനാവായക്കടുത്തുമാണ് അപ്രതീക്ഷിതമായി ട്രെയിൻ സ്റ്റോപ്പായത്. രണ്ടിടത്തും വില്ലൻ പുകവലി തന്നെ. യാത്രക്കാർ ടോയ്‌ലറ്റിൽ ചെന്നിരുന്ന് സ്വകാര്യമായി പുക വലിച്ചാലും ലോക്കോ പൈലറ്റ് തൽക്ഷണം വിവരമറിയും.  ഈ ട്രെയിനിലെ ടോയ്‌ലറ്റുകളിൽ നിന്ന് അലാറം ലഭിക്കുന്നതോടെ വണ്ടി ഓട്ടോമാറ്റിക്കായി നിർത്തും. അളവിൽ കൂടുതൽ പുക സെൻസറിലൂടെ തിരിച്ചറിയും. വെറുതെ ഒരു ഗമയ്‌ക്കെങ്ങിലും ഇതിൽ കയറുന്ന പലർക്കും ഇത്തരമൊരു സെൻസിംഗ് സംവിധാനം ഈ ട്രെനിലുണ്ടെന്ന് അറിയില്ല. മാത്രവുമല്ല, പുക ശ്രദ്ധയിൽപെട്ട് സ്റ്റോപ്പ് ചെയ്തിട്ടിടത്തു നിന്ന് എൻജിനിയറിംഗ് ക്ലിയറൻസ് ലഭിച്ചാലേ ലോക്കറ്റ് യാത്ര പുനരാരംഭിക്കുകയുള്ളു. വണ്ടി നിർത്താൻ കാരണഭൂതനായ യാത്രക്കാരിൽനിന്ന് കനത്ത തുക പിഴ ഈടാക്കുകയും ചെയ്യും. 

------------------------------------------------------------------------------------------------------
കേരളത്തിൽ തുടർച്ചയായി ഭരിക്കുന്ന സി.പി.എമ്മിനിപ്പോൾ സുവർണ കാലമാണ്. വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ താരമൊക്കെയാണ് പാർട്ടിയെ നയിക്കാനെത്തിയിരിക്കുന്നത്. അണ്ണാച്ചിക്ക് വെണ്ണീർ കൊടുത്ത് വാങ്ങിയതൊന്നുമല്ല. സാക്ഷാൽ എ.കെ.ജി സെന്ററിൽ കൊണ്ടു വന്ന് ചുവപ്പു കൊടിയിൽ പൊതിഞ്ഞ് മാമോദീസ മുക്കിയാണ് ഭീമേട്ടനെ പാർട്ടിക്കാരനാക്കിയത്. വലിഞ്ഞു കയറി വന്നതൊന്നുമല്ലെന്ന് ചുരുക്കം. പണ്ട് പോലീസ് ആപ്പീസറായിരുന്നു. അതു കഴിഞ്ഞ് സ്റ്റണ്ട് പടങ്ങളുടെ കാലത്ത് കൊള്ളാനും കൊടുക്കാനും മോശക്കാരനായിരുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ താരങ്ങൾ ഏറ്റുമുട്ടിയ മണ്ഡലമായിരുന്നു കൊല്ലം ജില്ലയിലെ പത്തനാപുരം. കോൺഗ്രസിന് ജഗദീഷ്, എൽഡിഎഫിന് ഗണേഷ് കുമാർ, നമോയെ ധ്യാനിച്ച് താമര ചിഹ്നത്തിൽ ഭീമേട്ടനും. പിന്നീടാണ് മനംമാറ്റം. സി.പിഎമ്മിനേയും മുഖ്യമന്ത്രി പിണറായിയേയും തിരിച്ചറിഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല, തലസ്ഥാനത്തെ പാർട്ടി ആസ്ഥാനത്തെത്തി വിപ്ലവ പ്രസ്ഥാനത്തിന്റെ അനിഷേധ്യ സാരഥിയായി മാറുകയും ചെയ്തു. ചലച്ചിത്ര അവാർഡ് നിശയിലാണ് രഘു തിളങ്ങിയത്. മുഖ്യമന്ത്രിയുടെ പ്രസംഗം തീരുന്നത് വരെ ഒറ്റ നിൽപ്പ്. ഇതു കഴിഞ്ഞ് മുഖ്യമന്ത്രി വിളിച്ച് കൊള്ളായിരുന്നുവെന്ന് പറഞ്ഞുവെന്നാണ് മൂപ്പർ അവകാശപ്പെടുന്നത്. അനക്കറിയൂലയെന്നതും കൊള്ളായിരുന്നുവെന്നതും അങ്ങ് മാച്ചാവുന്നില്ലല്ലോ, ആ നടക്കട്ടെ. സി.പി.എം സ്ഥാനാർഥിയായി മത്സരിക്കാനും തയാറാണ്. താൻ മത്സരിച്ചാൽ മാത്രമേ പ്രേമചന്ദ്രനെ തോൽപ്പിച്ച് കൊല്ലം സീറ്റ് തിരികെ പിടിക്കാനാവൂ എന്നാണ് അദ്ദേഹം മൊഴിഞ്ഞത്. ഇനി അഥവാ സി.പി.എം സീറ്റ് നൽകിയില്ലെങ്കിലും അവിടെ സ്വതന്ത്രനായി നിൽക്കും. ഇലക്ഷന് ശേഷം സി.പിഎമ്മിന്റെ ഭാഗമായി പാർട്ടിയെ ശക്തിപ്പെടുത്തും. എന്തൊരു മഹാ മനസ്‌കത. വേണമെങ്കിൽ പാർട്ടി സെക്രട്ടറി സ്ഥാനമേറ്റെടുക്കാനും തയാറാണെന്നും കഴിഞ്ഞ ദിവസം ഒരു ട്രോൾ കണ്ടു. ഭീമനെ സെക്രട്ടറിയാക്കിയാൽ ഒരു ഗുണമുണ്ട്, സെക്രട്ടറി കസേര കൊടുക്കേണ്ട കാര്യമില്ല, മൂപ്പര് നിന്നോളുമെന്നാണ് ഇതിന് ചുവട്ടിൽ ഒരു രസികന്റെ കമന്റ് കണ്ടത്. നിപ്പ രോഗം കേരളത്തെ വിറപ്പിച്ച സമയത്തായിരുന്നു താരത്തിന്റെ നിൽപ്പ് പെർഫോമൻസ് മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഉടൻ പുതിയ പേരും വീണു. നിപ്പൻ. ഇത് ഭീമൻ ആസ്വദിക്കുന്നുണ്ടെന്നാണ് പിന്നീടൊരു അഭിമുഖത്തിൽ വ്യക്തമായത്. തൃശൂരിലെ ബാങ്ക് ഫ്രോഡ് എന്തെങ്കിലും ചെയ്യാം, ഈ നിപ്പനെ ഒതുക്കാനാണ് പാടെന്ന് പാർട്ടിക്കാർ അടക്കം പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഭീമേട്ടൻ ഇതെന്ത് ഉദ്ദേശിച്ചിട്ടാണെന്ന് സംശയിക്കുന്നവർക്ക് മറുപടിയായി ചില വിശകലന വിദഗ്ധർ രംഗത്തെത്തി. പഴയപോലെ വില്ലനായി സിനിമയിൽ ഇനിയുള്ള കാലം ശോഭിക്കാനാവില്ല. കൊമേഡിയനിലേക്കുള്ള രൂപമാറ്റത്തിനാണ് കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. വിജയശ്രീയേയും കനകദുർഗയേയും എല്ലാം സ്ഥിരമായി സിനിമകളിൽ നശിപ്പിക്കാറുള്ള ജനാർദനൻ പിൽക്കാലത്ത് ഹാസ്യ താരമായി സ്‌ക്രീനിൽ തിളങ്ങുന്നതും കേരളം കണ്ടതാണല്ലോ. 

------------------------------------------------------------------------------------------------------


റിയാലിറ്റി ഷോയിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് വിൻസി അലോഷ്യസ്. ലാൽ ജോസിന്റെ സിനിമയിലേക്ക് നായകനെയും നായികയെയും കണ്ടെത്താനായി ഒരുക്കിയ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിൻസി ശ്രദ്ധ നേടുന്നത്. ഷോയിൽ വിജയിച്ചില്ലെങ്കിലും സിനിമയിലെത്തി യുവനിരയിൽ ശ്രദ്ധേയ താരമാകാൻ വിൻസിക്ക് സാധിച്ചു. ഇപ്പോൾ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരമടക്കം സ്വന്തമാക്കി. വികൃതി എന്ന ചിത്രത്തിലൂടെയാണ് വിൻസിയുടെ സിനിമാ അരങ്ങേറ്റം. ആദ്യ സിനിമയിലൂടെ വിൻസിക്ക് സാധിച്ചു. തുടർന്ന് ജനഗണമന, സൗദി വെള്ളക്ക, കനകം കാമിനി കലഹം, ഭീമന്റെ വഴി, രേഖ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയാവുകയായിരുന്നു താരം. ചെറുതെങ്കിലും പ്രേക്ഷകരിലേക്കെത്താൻ പാകത്തിലുള്ള കഥാപാത്രങ്ങളാണ് വിൻസിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്.  വളരെ കുറച്ചു സിനിമകളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ വിൻസിക്ക് സാധിച്ചു.
സിനിമയുടെ തെരഞ്ഞെടുപ്പുകളിൽ ഇതുവരെ വലിയ പാളിച്ചകൾ സംഭവിക്കാത്ത ഒരാളാണ്. എന്നാൽ റിലേഷൻഷിപ്പിന്റെ കാര്യത്തിലേക്ക് വരുമ്പോൾ തന്റെ അവസ്ഥ അങ്ങനെയെല്ലെന്ന് വിൻസി പറയുന്നു. ഒരു സിനിമ വർക്ക് ആവില്ലെന്ന് തോന്നിയാൽ അത് വിട്ടു പോകാൻ തനിക്ക് അറിയാം എന്നാൽ റിലേഷൻഷിപ്പിന്റെ കാര്യത്തിൽ അങ്ങനെയൊരു തീരുമാനം എടുക്കാൻ കഴിയാറില്ല.  മൈൽസ്റ്റോൺ മേക്കേഴ്സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. എന്റെ നിലപാടുകൾ മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്നൊരാളെ ഡീൽ ചെയ്ത പോലെ ആയിരിക്കില്ല നാളെ. എനിക്ക് സിനിമ സെലക്ട് ചെയ്യാൻ അറിയാം. ഞാൻ നല്ല എഫർട്ട് അതിനുവേണ്ടി ഇടാറുണ്ട്. ഒരു സിനിമ വർക്ക് ആവില്ലെന്ന് ആദ്യമേ എവിടെയെങ്കിലും തോന്നിയാൽ അപ്പോൾ എനിക്ക് അത് വിട്ട് പോകാൻ അറിയാം. പക്ഷേ റിലേഷൻഷിപ്പിൽ അതെനിക്ക് അറിയില്ല. വർക്ക് ആവില്ലെന്ന് അറിഞ്ഞാലും, നമുക്കൊന്നു ശ്രമിച്ച് നോക്കാമെന്നായിരിക്കും എന്റെ ട്രാക്ക്', സിനിമ എടുക്കുന്നത് പോലെ ആൾക്കാരെ എടുക്കാൻ പറ്റിയിരുന്നെങ്കിൽ ഞാനിപ്പൊ എവിടെ എത്തിയേനെ. ഇങ്ങനെയുള്ളത് മനുഷ്യന്റെ ക്വാളിറ്റി ആണോ ബലഹീനതയാണോ എന്ന് എനിക്കറിയില്ല,  എല്ലാം പഠിക്കേണ്ടിയിരിക്കുന്നു- വിൻസി പറഞ്ഞു. 

-------------------------------------------------------------------------------------------

പ്രണയം തോന്നാൻ ചിലപ്പോൾ ശബ്ദത്തിലെ ആകർഷണവും കാരണമാവാം. ഓർഡർ ചെയ്ത കട്ട്ലറി ഡെലിവറിക്കായി കാത്തിരിക്കുകയായിരുന്നു തനത്സ ലൂക്കാസ്. പെട്ടന്നാണ് ഒരു കോൾ അവളുടെ ഫോണിലേക്ക് വന്നത്. വീടിന് പുറത്ത് പാർസൽ വെച്ചിട്ടുണ്ട് എന്നറിയിച്ചുള്ള ഡെലിവറി ഏജന്റ് കോറിയുടെ ഫോൺ കോൾ ആയിരുന്നു അത്. കോറിയുടെ ആകർഷകമായ ശബ്ദം അവളെ വല്ലാതെ ആകർഷിച്ചു. ആ ശബ്ദത്തോട് എന്തെന്നില്ലാത്ത പ്രണയം ആദ്യ കേൾവിയിൽ തന്നെ അവളിലുണ്ടായി. പിന്നെ മടിച്ചില്ല, ആ ഫോൺ സംഭാഷണം അവസാനിപ്പിക്കും മുമ്പേ അവൾ ഹൃദയവികാരം കോറിയുമായി പങ്കുവച്ചു.
തന്നോടൊപ്പം ഡേറ്റിങ്ങിന് വരാമോയെന്ന് അവൾ കോറിയോട് ചോദിച്ചു. അയാൾക്കും സന്തോഷം. അങ്ങനെ ഇരുവരും തമ്മിലുള്ള ആകർഷകമായ ആ കൂടിക്കാഴ്ചയുടെ സമയം വന്നെത്തി. ആ ആദ്യ കാഴ്ചയിൽ തന്നെ ഇരുവരും തമ്മിലുള്ള പ്രണയവും പൂവണിഞ്ഞു. ഇത് ഒരു യഥാർത്ഥ പ്രണയ കഥയാണ്. ഈ കഥയിലെ നായിക ഓസ്ട്രേലിയയിലെ ഡാർവിൻ സ്വദേശിനിയായ മുപ്പത് വയസുകാരി തനത്സ ലൂക്കാസ്. നായകൻ ഡെലിവറി ഏജന്റായ കോറിയും. 2020 -ൽ ആണ് ഇവരുടെ അപൂർവ പ്രണയം മൊട്ടിട്ടത്.
ഓസ്‌ട്രേലിയയിലെ നാഷണൽ ഡിസെബിലിറ്റി ഇൻഷുറൻസ് സ്‌കീമിന്റെ കേസ് മാനേജരാണ് തനത്സയെന്ന് മിറർ റിപ്പോർട്ട് ചെയ്തു.  ഡെലിവറി ഏജൻസി വിട്ട് ഇപ്പോൾ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയാണ് കോറി. വിവാഹിതരായി ഒരുമിച്ച് താമിസിക്കുന്ന ഇവർക്ക് ഇപ്പോൾ രണ്ട് കുട്ടികൾ ഉണ്ട്. കോറി ഫോണിൽ നന്നായി സംസാരിച്ചിരുന്നുവെന്നും അത് വളരെ മാന്യമായി തോന്നിയെന്നും ആദ്യമായി ശബ്ദം കേട്ടപ്പോൾ തന്നെ പ്രണയം അവനെ അറിയിക്കാൻ തോന്നിയെന്നുമാണ് തനത്സ ആദ്യാനുരാഗത്തെ കുറിച്ച് പറയുന്നത്. തങ്ങളുടെ സ്നേഹം ഓരോ ദിവസവും ശക്തമായി വളരുകയാണന്ന് കോറിയും കൂട്ടിച്ചേർത്തു. 2020 ഡിസംബർ 19 -ന് നോർത്തേൺ ടെറിട്ടറിയിലെ ഡാർവിനിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. ദമ്പതികൾ ഇപ്പോൾ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലാണ് താമസിക്കുന്നത്.

----------------------------------------------------------------------------------------------

അച്ഛനുമായി ചെറിയൊരു സൗന്ദര്യപ്പിണക്കം. പിന്നെ മുന്നും പിന്നും നോക്കിയില്ല, ആ എട്ടുവയസ്സുകാരി ഉറപ്പിച്ചു, അച്ഛൻ ഇനി ഈ വീട്ടിൽവേണ്ട, ആർക്കേലും വേണമെങ്കിൽ കൊണ്ടുപൊയ്ക്കോട്ടെ. അതിനായി വീടിനുമുന്നിൽ ഒരു നോട്ടീസും വെച്ചു. 'അച്ഛൻ വിൽപ്പനയ്ക്ക്, വില 2,00,000. കൂടുതൽ വിവരങ്ങൾക്കായി ബെല്ലടിക്കുക'- ഇതായിരുന്നു കുറിപ്പിൽ. എക്സ് പ്ലാറ്റ്ഫോമിലൂടെ വൈറലായ കുറിപ്പ് പങ്കുവെച്ചത് കുട്ടിയുടെ അച്ഛൻ തന്നെയാണ്. മകളുടെ കുറിപ്പിന്റെ ചിത്രവും കാര്യകാരണവും വ്യക്തമാക്കി പങ്കുവെച്ച കുറിപ്പിൽ ഒരു കാര്യവും കൂടി അച്ഛൻ കൂട്ടിച്ചേർത്തിട്ടുണ്ട്- വേണ്ടത്ര മതിപ്പുവില എനിക്ക് നൽകിയിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്. മാളവ് എന്ന എക്സ് യൂസർ പങ്കുവെച്ച പോസ്റ്റിന് രസകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഒരു എട്ടുവയസ്സുകാരിയുടെ കാഴ്ചപ്പാടിൽ രണ്ട് ലക്ഷം രൂപയെന്നത് ഭീമമായ തുകയാണെന്നും അതുകൊണ്ട് വിഷമിക്കാനില്ലെന്നുമാണ് ഒരാൾ അഭിപ്രായപ്പെട്ടത്. തന്റെ കുട്ടികൾ വെറും ഇരുപത് രൂപയ്ക്ക് തന്നെ കച്ചവടമാക്കുമെന്നാണ് മറ്റൊരാളുടെ രസകരമായ മറുപടി.
തന്റെ മാസ ശമ്പളം എത്രയാണെന്ന് ചോദിച്ചറിഞ്ഞതിനുശേഷമാണ് മകൾ കുറിപ്പ് തയ്യാറാക്കിയതെന്നും തുകയിൽ കൂടുതൽ പൂജ്യങ്ങൾ ചേർത്തുചേർത്ത് മുഷിഞ്ഞതോടെയാണ് ഈ തുകയിൽ ഉറപ്പിച്ചതെന്നും ഒരു ഫോളോ അപ് പോസ്റ്റിൽ കുഞ്ഞിന്റെ അച്ഛൻ തമാശ രൂപേണ പറഞ്ഞിട്ടുണ്ട്.

------------------------------------------------------------------------------------------------------

വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കിന് എതിരെയുളള പോലീസ് നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദൽഹി പോലീസിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അനധികൃത വിദേശ ഫണ്ട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ന്യൂസ് ക്ലിക്കിനെതിരെയുളള നീക്കം. 'മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണ്. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഓൺലൈൻ വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കിനുനേരെയുള്ള പോലീസ് നടപടി എന്ന വിമർശനം ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങൾക്ക് നിർഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാർത്താ ശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതുറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്'- മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. 
ന്യൂസ് ക്ലിക്കിന് എതിരെയുളള നീക്കത്തെ വിമർശിച്ച് സിപിഎം പിബിയും രംഗത്തെത്തിയിരുന്നു.   യുഎപിഎ കരിനിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയ എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ നിരവധി മാധ്യമപ്രവർത്തകർ, ശാസ്ത്രജ്ഞർ, സാംസ്‌കാരിക ചരിത്രകാരന്മാർ, നിരൂപകർ, ആക്ഷേപഹാസ്യ കലാകാരന്മാർ, സ്റ്റാൻഡ്-അപ്പ് കോമഡിയൻമാർ എന്നിവരുടെ അടക്കം വീടുകളിൽ ദൽഹി പോലീസ് നടത്തിയ റെയ്ഡിനെ പിബി ശക്തമായി അപലപിച്ചു. മാധ്യമങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും നേരെയുള്ള നഗ്‌നമായ കടന്നാക്രമണമാണിത്. ബിബിസി, ന്യൂസ്ലോൻഡ്രി, ദൈനിക് ഭാസ്‌കർ, ഭാരത് സമാചാർ, കാശ്മീർ വാല, വയർ തുടങ്ങി വിവിധ മാധ്യമ സ്ഥാപനങ്ങളെ അടിച്ചമർത്താനും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും കഴിഞ്ഞ ഒമ്പത് വർഷമായി മോഡി സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചിട്ടുണ്ട്. ഇതേ നടപടിയുടെ തുടർച്ചയാണ് ഇപ്പോൾ ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ടവർക്കെതിരെയും സ്വീകരിച്ചിരിക്കുന്നത്-പിബി കുറ്റപ്പെടുത്തി.
 
----------------------------------------------------------------------------------------------------

കേരളം വീണ്ടും നിപ്പയെ അതിജീവിച്ചത് നമ്മുടെ ആരോഗ്യരംഗത്തിന് അഭിമാനിക്കാവുന്ന നിമിഷമാണെന്ന് മുരളി തുമ്മാരുകുടി. പ്രത്യേകിച്ച് ആരോഗ്യമന്ത്രി വീണ ജോർജിന് ഇത് ഏറ്റവും അഭിമാനകരമാണ്. ആരോഗ്യരംഗത്ത് ഉണ്ടാകുന്ന ഏത് വിജയവും പരാജയവും മൊത്തം ആരോഗ്യ സംവിധാനത്തിന്റെയാണ്. എന്നാലും പരാജയങ്ങളോ പോരായ്മകളോ ഉണ്ടാകുമ്പോൾ  അത് മന്ത്രിയുടെ അക്കൗണ്ടിൽ കുറിക്കാൻ മാധ്യമങ്ങൾ കാണിക്കുന്ന താൽപര്യം കാര്യങ്ങൾ നന്നായി പോകുമ്പോൾ മന്ത്രിക്ക് ക്രെഡിറ്റ് കൊടുക്കാൻ അവർ കാണിക്കാറില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 
ഇപ്പോഴത്തെ മന്ത്രിസഭയിൽ ശ്രീമതി വീണ ജോർജ്ജിനെ പോലെ ഓഡിറ്റ് ചെയ്യപ്പെടുന്നവർ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അതിന് പല കാരണങ്ങൾ ഉണ്ട്. ആരോഗ്യ വകുപ്പാണ്. താരതമ്യേന ചെറുപ്പക്കാരിയായ മന്ത്രിയാണ്. ചോരച്ചാലുകൾ ഒന്നും നീന്തിക്കയറിയ രാഷ്ട്രീയ പാരമ്പര്യം ഇല്ലാത്ത ആളാണ്. സ്ത്രീയാണ്. മാധ്യമമേഖലയിൽ നിന്നും വന്നതാണ്, അതിന്റെ കൊതിക്കെറുവ് പല മാധ്യമ സിംഹങ്ങൾക്കും ഉണ്ടെന്ന് തോന്നാറുണ്ട്. എല്ലാത്തിലും ഉപരിയായി ശൈലജ ടീച്ചറെപ്പോലെ അതിസമർത്ഥയായ ഒരു ആരോഗ്യ മന്ത്രിക്ക് തൊട്ടുപുറകിൽ സ്ഥാനം ഏറ്റെടുത്ത ആളാണ്. എന്ത് ചെയ്യുമ്പോഴും ചെയ്തില്ലെങ്കിലും പഴയ ആരോഗ്യമന്ത്രിയുമായിട്ടാണ് താരതമ്യം. ഈ ഓഡിറ്റിനെ വളരെ നന്നായി നേരിട്ടാണ് ശ്രീമതി വീണ ജോർജ്ജ് മുന്നോട്ട് പോകുന്നത്. മാധ്യമങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നു. വകുപ്പ് കാര്യക്ഷമമായി കൊണ്ടുപോകുന്നു. സ്റ്റാഫിന്റെ അഴിമതി പോലുള്ള ആരോപണങ്ങളെ വേണ്ട തരത്തിൽ കൈകാര്യം ചെയ്യുന്നു- അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി.  ഇപ്പറഞ്ഞതിലും കാര്യമില്ലാതില്ല. 

------------------------------------------------------------------------------------------------------

തമന്ന ഭാട്ടിയ എന്ന നടി ഇന്ത്യയാകെ പ്രശസ്തയാണ്. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ അരങ്ങേറ്റം കുറിച്ചു. ബോളിവുഡിൽ അത്ര വിജയിച്ച നായിക അല്ലെന്ന് തുറന്നുപറഞ്ഞ തമന്ന കരിയറിൽ താൻ എടുത്ത ഒരു തീരുമാനത്തെക്കുറിച്ച് തുറന്ന് പറയുകയാണ്. തെന്നിന്ത്യൻ കച്ചവട സിനിമകളിൽ കഥാപാത്രങ്ങളുമായി തനിക്കൊരു കണക്ഷൻ തോന്നാറില്ല, ചിലതിന്റെ തീവ്രത കുറയ്ക്കാൻ താൻ സംവിധായകരോട് ആവശ്യപ്പെടാറുണ്ടെന്നും തമന്ന പറയുന്നു. പുരുഷത്വത്തെ ആഘോഷിക്കുന്ന സിനിമകളിൽ അഭിനയിക്കാതിരിക്കാൻ  ബോധപൂർവമായ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു.
ഫിലിംഫെയർ മാഗസിന് നൽകിയ അഭിമുഖത്തിനിടെയാണ് തമന്ന ഇക്കാര്യം പറഞ്ഞത്. ഇത്രയും കടുത്ത തീരുമാനം വേണോ? തമിഴിൽ പ്രശസ്തിയുടെ പടവുകൾ കയറിയതെല്ലാം പെട്ടെന്ന് വിസ്മരിക്കാനാവുമോ? 
ബോളിവുഡിലെ താര റാണികളുടെ പ്രതിഫലം കേട്ടിട്ടാണോ മനംമാറ്റമെന്ന് വ്യക്തമല്ല. ഹിന്ദി സിനിമകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പേരുകൾ എടുത്താൽ അതിൽ ആദ്യം ദീപിക പദുക്കോൺ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവർ ഉണ്ടാകും. ദീപിക പദുക്കോണിനെ ഒടുവിലായി കണ്ടത് ജവാൻ സിനിമയിലായിരുന്നു. അതിഥി വേഷത്തിൽ അഭിനയിക്കാൻ നടി ഷാരൂഖിനോട് കാശൊന്നും വാങ്ങിയില്ല. പഠാനിൽ അഭിനയിക്കാനായി ദീപിക വാങ്ങിയത് 15 കോടിയാണ്.  അടിവസ്ത്രത്തിന്റെ നിറം സംബന്ധിച്ച വിവാദം ഈ സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിരുന്നു. ആലിയ ഭട്ട് ഒടുവിൽ പുറത്തിറങ്ങിയ റാണി കി പ്രേം കഹാനിക്ക് വേണ്ടി 10 കോടി രൂപയാണ്  വാങ്ങിയത്. പഴയ കാല സ്‌കൂൾ നാടകങ്ങളിൽ ഡോക്ടറുടെ കൂടെ പെട്ടി എടുത്ത് വരുന്ന ആളെ പോലുള്ള റോളേ ഈ താരങ്ങൾക്ക് തമിഴിലേയും ഹിന്ദിയിലേയും തെലുങ്കിലേയും പുരുഷ മേധാവിത്വ സിനിമകളിലുണ്ടാവാറുള്ളുവെന്നതാണ് യാഥാർഥ്യം. 

------------------------------------------------------------------------------------------------------
തൃശൂരിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ ഇരകൾക്ക് നീതി തേടി ബി.ജെ.പി നേതാവ് കൂടിയായ സുരേഷ് ഗോപി പദയാത്ര നടത്തി. അതേ ദിവസം റിപ്പോർട്ടർ ചാനലിലെ സംവാദത്തിന് ആമുഖമായി സ്മൃതി പരുത്തിക്കാട് പറഞ്ഞു: ബി.ജെ.പി കേരളത്തിൽ ജനകീയ വിഷയമേറ്റെടുത്ത് രംഗത്തിറങ്ങുന്നത് ഇതാദ്യമാണ്. അപരവിദ്വേഷം, ജാതി-മത കാര്യങ്ങൾ മാത്രം സദാ പറയാറുള്ള ബി.ജെ.പിയുടെ മാറ്റം ശ്രദ്ധേയമായി. 

Latest News