ക്വിറ്റോ- ഇക്വഡോര്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഫെര്‍ണാണ്ടോ വില്ലവിസെന്‍സിയോയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആറുപേര്‍ ജയിലില്‍ മരിച്ച നിലയില്‍. കൊളംബിയന്‍ പൗരന്മാരാണ് ഇവര്‍. തുറമുഖ നഗരമായ ഗ്വാക്വിലിലെ ജയിലില്‍ വെള്ളിയാഴ്ച ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ഇക്വഡോര്‍ ജയില്‍ അതോറിറ്റിയാണ് അറിയിച്ചത്.
ഓഗസ്റ്റില്‍ ഒരു പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു മടങ്ങവെയാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഫെര്‍ണാണ്ടോ വില്ലവിസെന്‍സിയോ കൊല്ലപ്പെട്ടത്. സമീപ വര്‍ഷങ്ങളില്‍ ശക്തമായ മയക്കുമരുന്ന് കടത്ത് വ്യവസായത്തിന്റെ വര്‍ധിച്ചു വരുന്ന സ്വാധീനത്തിന്റെ തെളിവായിരുന്നു കൊലപാതകം. .
വിദേശ മയക്കുമരുന്ന് മാഫിയകള്‍ ജയില്‍ പുള്ളികളും തെരുവ് സംഘങ്ങളുമായി ചേര്‍ന്നാണ് രാജ്യത്തിന്റെ എല്ലാ മേഖലകളേയും മാറ്റിമറിച്ചത്. ബിസിനസ്സുകള്‍ കൊള്ളയടിക്കുകയും യുവാക്കളെ റിക്രൂട്ട് ചെയ്യുകയും സര്‍ക്കാരിലേക്ക് നുഴഞ്ഞുകയറുകയും അന്വേഷണം നടത്തുന്നവരെ കൊലപ്പെടുത്തുകയുമായിരുന്നു രീതി.
പത്രപ്രവര്‍ത്തകന്‍, ആക്ടിവിസ്റ്റ്, നിയമസഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വില്ലവിസെന്‍സിയോ ആഗസ്ത് ഒന്‍പതിനാണ് കൊല്ലപ്പെട്ടത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 11 ദിവസം മുമ്പായിരുന്നു സംഭവം.