ന്യൂദല്‍ഹി- കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വിലവര്‍ധനക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി. പത്ത് ഉണ്ണിയപ്പം അടങ്ങുന്ന പാക്കറ്റിന് 30 രൂപയില്‍ നിന്ന് 40 രൂപയായി ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹരജി. എറണാകുളം സ്വദേശി പി.ആര്‍ രാജീവാണ് ഹരജി ഫയല്‍ ചെയ്തത്. വില വര്‍ധന അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഓംബുഡ്സ്മാന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണിയപ്പത്തിന്റെ വില വര്‍ധിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. അസംസ്‌കൃത സാധനങ്ങളുടെ വിലയില്‍ ഉണ്ടായ വര്‍ധന ചൂണ്ടിക്കാട്ടിയാണ് ഉണ്ണിയപ്പത്തിന്റെ വിലയും വര്‍ധിപ്പിക്കാന്‍ ഓംബുഡ്സ്മാന്‍ ശുപാര്‍ശ ചെയ്തത്.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം 40 രൂപക്ക് ഉണ്ണിയപ്പം വില്‍ക്കുമ്പോള്‍ 25 രൂപ അസംസ്‌കൃത വസ്തുക്കള്‍ക്കും നിര്‍മാണ ചെലവുകള്‍ക്കുമായി നല്‍കണമെന്നും 15 രൂപ മുതല്‍ക്കൂട്ടായി നീക്കിവെക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ദേവസ്വം ബോര്‍ഡ് ഈ അനുപാതം മാറ്റി 22 രൂപ അസംസ്‌കൃത വസ്തുകള്‍ക്കും നിര്‍മാണ ചെലവുകള്‍ക്കും നീക്കിവെക്കണമെന്നും 18 രൂപ മുതല്‍ക്കൂട്ടായി മാറ്റിവെക്കണമെന്നും ആക്കി.
നേരത്തെ 30 രൂപക്ക് ഉണ്ണിയപ്പം വിറ്റിരുന്നപ്പോള്‍ മുതല്‍ക്കൂട്ടായി മാറ്റിവെക്കുന്ന തുക 10 രൂപയായിരുന്നു. ഇപ്പോള്‍ ഇത് 18 രൂപയായി ഉയര്‍ന്നുവെന്നാണ് ഹരജിക്കാരുടെ ആരോപണം.